KeralaNEWS

ആധുനിക കൃഷി പഠിക്കാന്‍ ചെലവ് 2 കോടി; മന്ത്രി പി. പ്രസാദും 20 കര്‍ഷകരും ഇസ്രായേലിലേക്ക്

തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും 20 കര്‍ഷകരും 2 കോടി രൂപ മുടക്കി ഇസ്രായേലിലേക്ക്. മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥരുടെ സംഘവും രണ്ട് മാധ്യമപ്രവര്‍ത്തകരും യാത്രയില്‍ അനുഗമിക്കും. അടുത്ത മാസം 12 മുതല്‍ 19 വരെയാണ് സന്ദര്‍ശനത്തിന് അനുമതി. യാത്രാ ചെലവിനായി 2 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം പോകുന്ന കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇ-മെയിലൂടെ ലഭിച്ച 34 അപേക്ഷകരില്‍നിന്നാണ് യാത്രയ്ക്കുള്ള 20 കര്‍ഷകരെ തെരഞ്ഞെടുത്തത്. ഉദ്യോഗസ്ഥരില്‍ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്ന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, ആധുനിക കൃഷി ഫാമുകള്‍, കാര്‍ഷിക വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കും.

തെരഞ്ഞെടുത്ത കര്‍ഷകരില്‍ ചിലരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് വഹിക്കുന്നത് അവര്‍ തന്നെയാണെന്നും ഒരു കര്‍ഷകന് കുറഞ്ഞത് 3 ലക്ഷം രൂപയാണ് ചെലവു വരികയെന്നും കൃഷി വകുപ്പ് അറിയിച്ചു.

Back to top button
error: