IndiaNEWS

അംബേദ്കറുടെ പേര് പറയാൻ കഴിയില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകൂ… തമിഴ്നാട് ​ഗവർണറെ ഭീഷണിപ്പെടുത്തി ഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും ഗവർണറും തമ്മിൽ തർക്കം തുടരുന്നതിനിടെ, ഗവർണർ ആർ എൻ രവിക്ക് നേരെ ഭീഷണിയുമായി ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തി. ബി ആർ അംബേദ്കറെയും പെരിയാറെയും പോലുള്ള ഉന്നത നേതാക്കളുടെ പേരുകൾ ഉൾപ്പടെ ​ഗവർണർ പ്രസം​ഗത്തിൽ നിന്നൊഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് താക്കീത്. അംബേദ്കറുടെ പേര് എടുത്തുപറയാൻ കഴിയുന്നില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നാണ് ​ഗവർണർക്ക് ഇദ്ദേഹം നൽകിയ മുന്നറിയിപ്പ്.

“തമിഴ്‌നാട്ടിൽ, ഇന്ത്യക്ക് ഭരണഘടന നൽകിയ എന്റെ പൂർവ്വപിതാവായ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഈ മനുഷ്യൻ (​ഗവർണർ) സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘഠനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അത് എന്റെ മുത്തച്ഛൻ അംബേദ്കർ തന്നെയല്ലേ എഴുതിയത്?അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ അങ്ങോട്ട് ഒരു തീവ്രവാദിയെ അയക്കാം, അവൻ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ.” ശിവജി കൃഷ്ണമൂർത്തി പറഞ്ഞു. അതേസമയം, പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ ശിവജി കൃഷ്ണമൂർത്തിയുടെ പ്രസം​ഗത്തെക്കുറിച്ച് പ്രതികരിക്കാതെ വിട്ടുനിന്നു.

വിവാദ പരാമർശങ്ങളിൽ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൃഷ്ണമൂർത്തിയെ കുപ്രസിദ്ധനായ ഡിഎംകെ പ്രാസം​ഗികൻ എന്ന് വിളിച്ച ബിജെപി, ഡിഎംകെയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുവെന്നും പ്രതികരിച്ചു. “പുതിയ സംസ്‌കാരത്തിന്” വേണ്ടിയുള്ള പരാമർശമെന്ന് ആഞ്ഞടിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിഷയത്തിൽ കുറ്റപ്പെടുത്തി. എനിക്ക് ഒട്ടും ആശ്ചര്യമില്ല. ഇത് മുഖ്യമന്ത്രി സ്റ്റാലിന്റെ കീഴിലുള്ള പുതിയ സംസ്കാരമാണ്. ഒരു പാരമ്പര്യം അവശേഷിപ്പിച്ച് ശവക്കുഴിയിലേക്കു പോയ മനുഷ്യനോട് (കരണാനിധി) എനിക്ക് സഹതാപം തോന്നുന്നു. അദ്ദേഹം ഇതൊക്കെ കേട്ട് ശവക്കുഴിയിൽ ഞെളിപിരി കൊള്ളുകയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്തരം പരാമർശം നടത്തുന്ന ആളുകൾക്ക് പൊതുയിടത്തിൽ ആയിരിക്കാൻ അർഹതയില്ല. ഖുശ്ബു ട്വീറ്റ് ചെയ്തു.

ഗവർണറുടെ , സംസ്ഥാന സർക്കാർ അം​ഗീകരിച്ച പ്രസംഗം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന പ്രമേയം നിയമസഭ അംഗീകരിച്ചതിനെ തുടർന്ന് ഗവർണർ രവി തിങ്കളാഴ്ച നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതാണ് ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റവും പുതിയ തർക്കത്തിന് കാരണണായത്. അത് സംസ്ഥാന സർക്കാർ തയ്യാറാക്കി സ്പീക്കർ അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. ദേശീയഗാനത്തിനുപോലും കാത്തുനിൽക്കാതെയാണ് അതിന് നിമിഷങ്ങൾക്ക് മുമ്പ് ​ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയത്. തമിഴ്‌നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, ബിആർ അംബേദ്കർ, കെ കാമരാജ്, സിഎൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുമുള്ള പരാമർശങ്ങളുള്ള പ്രസംഗത്തിന്റെ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയിരുന്നു. ഡിഎംകെ പ്രോത്സാഹിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ‘ദ്രാവിഡ മാതൃക’യെക്കുറിച്ചുള്ള പരാമർശവും അദ്ദേഹം വായിച്ചില്ല.

Back to top button
error: