KeralaNEWS

പ്രവീൺ റാണയെ വാഴ്ത്തിയ മാധ്യമങ്ങളെവിടെ?

നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണയെന്ന വ്യക്തിയെ പൊലീസ് അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്തെത്തിയത്. പ്രവീൺ റാണയെന്ന ശതകോടീശ്വരനെ പറ്റി, അദ്ദേഹത്തിന്‍റെ ചെയ്തികളെ കുറിച്ച്, അദ്ദേഹം നടത്തിയ പറ്റിപ്പുകളെ കുറിച്ച്. അങ്ങനെ അദ്ദേഹത്തിനെ പറ്റി അറിഞ്ഞതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. ഇന്ന് പ്രവീൺ റാണയെ അറസ്റ്റ് ചെയ്തു, അദ്ദേഹം ചെയ്ത മോശകരമായ പ്രവർത്തികൾ ഇതെല്ലാമാണ് എന്ന് പറഞ്ഞ് വാർത്തകൾ നൽകുന്ന പല മാധ്യമങ്ങളും പണ്ട് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവരാണ്. കേവലം പരസ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത് എല്ലാ പ്രവർത്തികൾക്ക് ഒപ്പം നിൽക്കുകയും അവാർഡുകൾ വാരിക്കോരി കൊടുക്കുകയും ചെയ്തിട്ടുണ്ട് കേരളത്തിലെ മാധ്യമങ്ങൾ. പ്രവീൺ റാണയെന്ന വ്യക്തിയെ പർവതീകരിച്ച് കാണിച്ചതിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. പണ്ട് യൂസഫലിയെ മറികടന്ന് ലേലം വിളിയിൽ അദ്ദേഹം ഒരു കാർ നമ്പർ സ്വന്തമാക്കിയപ്പോൾ വരെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു. അന്ന് ആരും കരുതിയില്ല ആ പ്രോത്സാഹനങ്ങൾ തിരിഞ്ഞ് കൊത്തുമെന്ന്.

Signature-ad

പല മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ പിന്നാലെ പോയെങ്കിലും കേരളത്തിലെ ഒന്നാമത്തെ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ആ പണിക്ക് പോയിട്ടില്ല എന്നാണ് പലയിടങ്ങളിൽ നിന്നും കിട്ടുന്ന സൂചന. അത് തന്നെയാണ് വ്യാഴാഴ്ച പി.ജി.സുരേഷ് കുമാർ അവതരിപ്പിച്ച ന്യൂസ് അവറിൽ നിന്ന് വ്യക്തമായതും. ശ്രീജിത്ത് പണിക്കർ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിൽ പറഞ്ഞത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. തട്ടിപ്പ് വീരനാണ് ഇയാളെന്ന് അറിഞ്ഞിട്ട് പോലും ഇവ‍രെല്ലാം വലിയവരാണ് എന്ന് കാണിക്കാനും ഇവരെ പ്രൊമോട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്നോട്ട് പോയില്ല എന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്. യഥാ‍ർത്ഥത്തിൽ മാധ്യമങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീരൻമാരെ വളർത്തിയെടുക്കുന്നത്. കുറച്ച് നാൾ മുമ്പ് മോൻസൻ മാവുങ്കൽ എന്ന മറ്റൊരു തട്ടിപ്പ്കാരനെ കുറിച്ച് നമ്മൾ കേട്ടതാണ്. അയാൾക്ക് തണലൊരുക്കിയതും ഇപ്പറഞ്ഞ മാധ്യമങ്ങൾ തന്നെയാണ്.

പ്രവീൺ റാണയെന്ന കള്ള നാണയത്തിന് സമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാൻ പ്രമുഖ മാധ്യമങ്ങളായ മീഡിയ വൺ, റിപ്പോർട്ടർ ടിവി, കേരള കൗമുദി പത്രം, കൗമുദി ചാനൽ, മനോരമയുടെ വനിത മാസിക എന്നിവയുടെ പങ്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പങ്കെടുത്ത ഒരു പരാതിക്കാരൻ പറഞ്ഞതും ഗൗരവമായി കാണേണ്ടതുണ്ട്. പ്രവീൺ റാണ എന്ന തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനെസ്സ്കാരനെ കുറിച്ചുള്ള മാധ്യമ വാർത്തകളും പരസ്യങ്ങളും തന്നെയാണ് അയാളിൽ വിശ്വാസം അർപ്പിച്ച് പണം നിക്ഷേപിക്കാൻ ധൈര്യം തന്ന ഘടകം എന്ന് ചർച്ചയിൽ പങ്കെടുത്ത രാജൻ ജോസഫ് പറയുന്നു.

ഇത് കേരളത്തിലെ ജനങ്ങൾ എത്രയധികം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ വിശ്വസിക്കുന്നുണ്ട് എന്നതിന് തെളിവാണ്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ഇത്തരത്തിൽ ഒരാളെപറ്റി ഇങ്ങനെ വാതോരാതെ സംസാരിക്കുന്നതിന് മുൻപ് മാധ്യമങ്ങൾ നൂറുവട്ടം ആലോചിക്കണം.

Back to top button
error: