ദില്ലി: വിവാദമായ തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹർജിയിൽ പറയുന്നു. നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് സുപ്രിം കോടതി ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് സർക്കാർ വാദിക്കുന്നു. ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്നാണ് നേരത്തെ ഹൈക്കോടതി പറഞ്ഞത്. പക്ഷെ അപൂർവങ്ങളിൽ അപൂർവമായ കേസെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും വിധിയിൽ നിര്‍ദേശമുണ്ട്.
ചന്ദ്രബോസിന് നേരെ നിഷാം നടത്തിയത് അതിക്രൂരമായ ആക്രമണമാണെന്ന് സർക്കാർ പറയുന്നു. മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി. മൃത്യപ്രായനായ ചന്ദ്രബോസിന് നേരെ വീണ്ടും ആക്രമിച്ചാണ് നിഷാം ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. മനസാക്ഷി മരവിക്കുന്ന കൃതൃമായിരുന്നു അത്. മുൻവൈരാഗ്യത്തോടെയാണ് പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും അപ്പീലിൽ സംസ്ഥാനം ആവശ്യപ്പെടുന്നു.
സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ സമർപ്പിച്ച അപ്പീലിൽ സമൂഹത്തിന് വിപത്തും ഭീഷണിയുമാണ് നിഷാമെന്നും പറയുന്നുണ്ട്. നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കനത്ത വിമർശനത്തോടെയാണ് സുപ്രീം കോടതി തള്ളിയത്.