തിരുവനന്തപുരം: പാറ്റൂരില്‍ ആക്രമണം നടത്തിയ ഗുണ്ടാ സംഘം സഞ്ചരിച്ച ഒരു കാര്‍ കണ്ടെത്തി. ഗുണ്ടാ നേതാേവ് ഓംപ്രകാശ് താമസിക്കുന്ന ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കേസിലെ പ്രതി ഓംപ്രകാശിന്‍റെ ഡ്രൈവർ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സൽമാന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് കാർ.
തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓംപ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓംപ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓംപ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമ നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്.
ഓംപ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്‍റെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ആരിഫിന്‍റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്ന നിധിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയത്. നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.