CrimeNEWS

പുന്നമടക്കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി തെലങ്കാന സ്വദേശി മരിച്ച സംഭവം: ബോട്ട് ഉടമ അറസ്റ്റില്‍

ആലപ്പുഴ: സഞ്ചാരികളുമായി പുന്നമടക്കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി തെലങ്കാന സ്വദേശി മരിച്ച സംഭവത്തിൽ ഹൗസ് ബോട്ട് ഉടമയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉടമ കുതിരപ്പന്തി വട്ടത്തിൽ വീട്ടിൽ മിൽട്ടൻ ജോബിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം നരഹത്യ, 420 പ്രകാരം വഞ്ചന കുറ്റവുമാണ് മിൽട്ടനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മിൽട്ടനെ റിമാൻഡ് ചെയ്തു.റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പത്തു വർഷമായി പുതുക്കിയിട്ടില്ല, ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല, ബോട്ടിന് ഇൻഷുറൻസ് ഇല്ല, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Signature-ad

വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പള്ളാത്തുരുത്തി ചുങ്കം കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ എൻജിഒ കോളനി സ്വദേശി എൻ.രാമചന്ദ്ര റെഡ്ഡി (58) ആണ് അപകടത്തിൽ മരിച്ചത്. ബോട്ടിന്റെ അടിത്തട്ടിലെ പലകയിളകി വെള്ളം കയറിയാണ് ബോട്ട് മുങ്ങിയതെന്ന് പോർട്ട് അധികൃതർ അറിയിച്ചു. സംഭവസമയം, യാത്രക്കാരായ രാമചന്ദ്ര റെഡ്ഡി, മകൻ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. സമീപത്തെ വള്ളങ്ങളിലെ ജീവനക്കാരാണ് രക്ഷപ്പെട്ട നാലുപേരെയും കരയ്ക്കെത്തിച്ചത്.

Back to top button
error: