NEWSPravasi

അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനം; പ്രവാസികൾ ആശങ്കയിൽ

അബുദാബി: അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാർ തുടരുന്നത് എന്നതാണ് അധികൃതർ പ്രധാനമായും പരിശോധിക്കുക. എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാൽ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവർ ഇവിടെ നിരവധിയാണ്.

ഒരു കുടുംബത്തിന് താമസിക്കാവുന്ന ഫ്ളാറ്റിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുക, ഒരു കുടുംബത്തിന് തുടരാൻ മാത്രം സൗകര്യമുള്ള വീട്ടിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി അധികം പേർ താമസിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവിടെ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഏതെങ്കിലും വിധേന നിയമലംഘനമായാണ് അധികൃതർ കണക്കാക്കുക. അതുപോലെ കുടുംബങ്ങൾക്കുള്ള താമസസ്ഥലത്ത് ബാച്ച്‍ലേഴ്സ് താമസിക്കുന്നതും ശിക്ഷാർഹമായാണ് കണക്കാക്കപ്പെടുക. 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ ഇതിന് പിഴയായി വരാം.

Signature-ad

ഇത്തരത്തിൽ കെട്ടിടങ്ങളിൽ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക. 10 ലക്ഷം ദിർഹം വരെ ഇതിന് പിഴ ലഭിക്കാമെന്നാണ് നഗരസഭയുടെ അറിയിപ്പിൽ പ്രതിപാദിച്ചിട്ടുള്ളത്. അതുപോലെ സ്വദേശികളുടെ പേരിലുള്ള താമസസ്ഥലങ്ങളിൽ മറ്റുള്ളവർ കഴിയുന്നതും മറ്റും എല്ലാം നിയമപ്രശ്നങ്ങൾ നേരിടും. ജനുവരി ഒന്ന് മുതലാണ് ഊർജ്ജിതമായ പരിശോധന വരുന്നത്. താമസക്കാരുടെ സുരക്ഷ മുൻനിർത്തി തന്നെയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് താങ്ങാനാകാത്ത അത്രയും താമസക്കാർ, ഇതിനിടെ ഇവിടങ്ങളിലെ വിവിധ രീതിയിലുള്ള അപകടസാധ്യതകൾ, സുരക്ഷാകാര്യങ്ങൾ എന്നിവയെല്ലാം തങ്ങളുടെ പരിഗണനയിലുണ്ടെന്നും നഗരസഭ വ്യക്തമാക്കിയിരിക്കുന്നു.

Back to top button
error: