ഗുവാഹത്തി: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച യുവാവ് പിടിയിൽ. ഗുവാഹത്തിയിൽ തന്നെയാണ് സംഭവം. ദീർഘകാലമായുള്ള സൗഹൃദമായിരുന്നു കൊല്ലപ്പെട്ട യുവാവും പ്രതി ഹിതേഷ് ദാസുമെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കൊല നടന്നതെന്നും പൊലീസ് അറിയിക്കുന്നു. ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലെത്തുകയുമായിരുന്നു. സുഹൃത്തിനെ കൊന്ന ശേഷം ഹിതേഷ് തൻറെ പരിചയക്കാരനായ ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു.
ഓൺലൈനിൽ കാർ ബുക്ക് ചെയ്യാതെ നേരിട്ട് വിളിക്കുകയായിരുന്നു. പരിചയമുള്ളതിനാൽ തന്നെ ഡ്രൈവറായ ഖാഗെൻ ദാസ് കാറുമായി എത്തി. കാറിലേക്ക് കയറും മുമ്പ് സംശയാസ്പദമായ രീതിയിൽ ഒരു ചാക്കുകെട്ട് ഹിതേഷ് ഡിക്കിയിൽ വച്ചു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പന്നിയാണെന്നായിരുന്നു മറുപടി. ശേഷം കമാൽപൂരിലേക്കാണ് ഇരുവരും പോയത്. ഇവിടെ കാടിനകത്തായി ഒരിടത്ത് വണ്ടി നിർത്തിയ ശേഷം ചാക്കുകെട്ട് ഉപേക്ഷിച്ചു. ചാക്കിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ഖാഗെൻ ദാസ് ഇതെക്കുറിച്ച് ഹിതേഷിനോട് ചോദിച്ചു. പലതവണ ചോദിച്ചതോടെ ഹിതേഷ് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
തുടർന്ന് ഖാഗെൻ ദാസാണ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെടുന്നത്. ‘കാർ ഡ്രൈവറാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. അദ്ദേഹത്തിൻറെ വണ്ടിയിൽ തന്നെയാണ് മൃതദേഹം കൊണ്ടുപോയതെന്നും മറ്റ് വിവരങ്ങളും കൈമാറി. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു.’- ഗുവാഹത്തി പൊലീസ് കമ്മീഷ്ണർ ദിഗന്ത ബോറ പറഞ്ഞു. കൊല്ലപ്പെട്ട യുവാവിൻറെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇദ്ദേഹവും പ്രതി ഹിതേഷും തമ്മിൽ 12 വർഷത്തെ സൗഹൃദമുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു.