കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുണ്ടറക്കടുത്ത് പേരയം കരിക്കുഴി എഫ്രായിൽ ഹെൻട്രിയുടെ മകൻ ജിനു ജോസ് (ജീമോൻ-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിർമല പരിക്കുകളോടെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 11 മണിയോടെ പേരയം ഷേത്രത്തിന് സമീപമായിരുന്നു അപകടം.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ജീമോനെയും നിർമലയേയും കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീമോന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ 10ന് കരിക്കുഴി കർമൽ ഗിരി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ് : ഏയ്ഞ്ചൽ. മക്കൾ : ഇവാൻ, ഇജോ.