തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാരം നേടിയ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ് കൃഷി ഉപേക്ഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് പണം കിട്ടാതായതോടെയാണ് കൃഷി ഉപേക്ഷിക്കാൻ ജോര്‍ജ്ജ് തീരുമാനിച്ചത്. 9 മാസമായി ആനയറയിലെ കാര്‍ഷിക ചന്തയിൽ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുൾപ്പെടെ 80 ലക്ഷം രൂപയാണ് ആനയറയിൽ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക. ഇതിനിടയിൽ കോടികൾ പൊടിച്ച് ആനയറ മാര്‍ക്കറ്റിൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കര്‍ഷകര്‍.
വെങ്ങാനൂരിൽ 13 ഏക്കറിൽ പച്ചക്കറിയും മരിച്ചീനിയും വാഴയും 42 വര്‍ഷമായി കൃഷി ചെയ്യുന്ന ജോര്‍ജ്ജ് ആനയറ വേൾഡ് മാര്‍ക്കറ്റിൽ ഉത്പന്നങ്ങൾ എത്തിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മാര്‍ച്ചിന് ശേഷം കഴിഞ്ഞ ഒമ്പത് മാസമായി ഹോര്‍ട്ടികോര്‍പ്പ് പണം നൽകിയിട്ടില്ല. ഒരിക്കൽ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പിന്‍റെ മികച്ച കര്‍ഷകനുള്ള ഈ വര്‍ഷത്തെ പുരസ്കാരം കിട്ടിയ ജോര്‍ജ്ജ്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാതൃകാ കര്‍ഷകന്‍റെ ജീവിതം വഴിമുട്ടി. ജോര്‍ജ്ജിനെപ്പോലെ നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. മറ്റുചിലര്‍ ഉത്പന്നങ്ങൾക്ക് വില കിട്ടാതായതോടെ കൃഷി ഉപേക്ഷിച്ചു.
കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടെ ആനയറ മാര്‍ക്കറ്റിൽ ന്യൂ ഇയര്‍ ഫെസ്റ്റ് നടത്തുന്നതിന്‍റെ ഒരുക്കങ്ങൾ തകൃതി. ജനുവരി 4 മുതൽ 15 വരെയാണ് അമ്യൂസ്മെന്‍റ് പാര്‍ക്കും സാസ്‍കാരിക പരിപാടിയും അടക്കം സംഘടിപ്പിച്ച് കോടികൾപൊടിച്ചുള്ള ആഘോഷം. കണ്ണിൽ പൊടിയിടാൻ ചടങ്ങിൽ 101 കര്‍ഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നുണ്ട്. 84 കടമുറികളുള്ള ആനയറ മാര്‍ക്കറ്റിന് ഫിക്‍സഡ് ഡെപ്പോസിറ്റ് മാത്രമുണ്ട് നാലേകാൽ കോടി. ഇതിന്‍റെ പലിശയിനത്തിൽമാത്രം മാസം കിട്ടും രണ്ടരലക്ഷം. വാടകയായി കിട്ടുന്നതാകട്ടേ മാസം ആറ് ലക്ഷത്തി 65,000 രൂപ. ഇത്രയും തുക കൂടാതെയാണ് കര്‍ഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾ വിറ്റ വഴിയും പണം കിട്ടുന്നത്.