മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിന്റേത്. ഈ കൂട്ടുകെട്ടിൽ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. അവയിൽ ഇന്നും മലയാളികൾ മിനിസ്ക്രീനിൽ ആവർത്തിച്ചു കണ്ട് കയ്യടിക്കുന്ന സിനിമയാണ് ആറാം തമ്പുരാൻ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഒളിമങ്ങാതെ ഓരോ സിനിമാസ്വാദകരുടെ മനസ്സിലും കിടപ്പുണ്ട്. ഇരുന്നൂറ് ദിവസത്തിലധികം തിയറ്ററുകളിൽ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ആറാം തമ്പുരാന്റെ രജത ജൂബിലി (25 വർഷങ്ങൾ) പോസ്റ്റാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുൻപ് ക്രിസ്മസ് ദിനത്തിലാണ് ആറാം തമ്പുരാൻ റിലീസ് ചെയ്തത്. അന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ഷാജി കൈലാസ് പുറത്തുവിട്ടിട്ടുണ്ട്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്‌മസ് കാലത്തിൽ ആ ഓർമകളുടെ രജത ജൂബിലി… ആറാം തമ്പുരാന്റെ 25 വർഷങ്ങൾ…’എന്നാണ് ഷാജി കൈലാസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
‘ഒരുപാട് പ്രാവശ്യം കണ്ട മോഹൻലാൽ ചിത്രം. കണ്ടാലും കണ്ടാലും മതിവരില്ല. ഷാജി കൈലാസേട്ടാ ഈ ചിത്രം നിങ്ങളുടെ കരിയറിലെയും ബെസ്റ്റ് ആണ്. മലയാളികൾ ഉള്ളടത്തോളം കാലം ഈ സിനിമയും നിങ്ങളും എല്ലാ മലയാളികളുടെയും മനസ്സിൽ നില നിൽക്കും. ഇപ്പോൾ ഭദ്രൻ സാർ സ്ഫടികം ഇറക്കുന്നത് പോലെ ആറാം തമ്പുരാനും പുതിയ ഡിജിറ്റൽ ഫോർ കെയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു. വർഷങ്ങൾക്കിപ്പുറം ഈ സിനിമ രണ്ടാമത് ഇറക്കിയാലും വൻ വിജയം തന്നെയായിരിക്കും. ഞങ്ങൾ കാത്തിരിക്കുന്നു ഈ സിനിമയ്ക്കായി, ആകാശത്തിന് ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമം ആണ്, അതിലെ ഒരുപാട് കഥാപാത്രങ്ങൾ ഇന്ന് നമ്മളോടാപ്പമില്ല. പക്ഷെ അവർ ഇല്ല എന്ന തോന്നൽ നമുക്കില്ല. ഇത് പോലുള്ള നല്ല സിനിമകളിലെ ഓരോ കഥാപാത്രങ്ങളായി അവർ നമ്മളോടൊപ്പമുണ്ട്, തമ്പുരാൻ കണിമംഗലം കോവിലകത്തെ ആറാം തമ്പുരാൻ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇത്തരത്തിലൊരു മോഹൻലാൽ സിനിമ ഇനി ഉണ്ടാകുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.
മോഹൻലാലിനൊപ്പം ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ആറാം തമ്പുരാൻ 1997-ൽ ആണ് പ്രദർശനത്തിന് എത്തിയത്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.