KeralaNEWS

സോളാർ കേസ്: കേരള പൊലീസ് ആയിരുന്നുവെങ്കിൽ സത്യം പുറത്തുവരുമായിരുന്നില്ല, സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നു: കെ. സുധാകരൻ

കണ്ണൂർ: സോളാർ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെ സുധാകരൻ. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നത്. കേരള പൊലീസ് ആയിരുന്നുവെങ്കിൽ സത്യം പുറത്തുവരുമായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻ ചീറ്റ് നൽകിയതിന് പിന്നാലെയായിരുന്നു സുധാകരൻറെ പ്രതികരണം. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

വൻവിവാദമായ സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. എന്നാൽ, ഈ ആരോപണത്തിൽ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Back to top button
error: