തിരുവനന്തപുരം: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം ഒരിടവേളയ്ക്ക് ശേഷം പുനഃരാരംഭിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വർധനവിന്റെ നിരക്കനുസരിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിർദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു.
ജില്ലകൾ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കേസുകൾ 100ന് താഴെ മാത്രമാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതൽ ശക്തിപ്പെടുത്തും. എയർപോർട്ടുകളിലും സീപോർട്ടിലും ആർക്കെങ്കിലും കോവിഡ് പോസിറ്റീവായാൽ ആ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്. മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താൻ മന്ത്രി നിർദേശം നൽകി. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവയലൻസ് ഓഫീസർമാർ, ആർ.സി.എച്ച്. ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.