മധ്യപ്രദേശിലെ ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ആ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രിക്ക് പുറത്ത് ഡോക്ടറുടെ കാര്‍ നിര്‍ത്തിയിരിക്കും. അതില്‍ ഡോക്ടറുടെ ഡ്രൈവര്‍ സദാ സമയം ഉണ്ടാവും. രോഗികള്‍ വരുമ്പോള്‍ ഡോക്ടര്‍ മരുന്നുകള്‍ പുറത്തേക്ക് എഴുതിക്കൊടുക്കും. രോഗികള്‍ കാറിനടുത്തേക്ക് ചെന്നാല്‍, ഡ്രൈവര്‍ കാറിന്റെ പിന്‍ഭാഗം തുറന്ന് മരുന്നുകള്‍ എടുത്തുകൊടുക്കും. പുറത്തെ മരുന്നുകടകളില്‍ കൊടുക്കുന്നതിനേക്കാള്‍ കാശും വാങ്ങിക്കും.
ഈ സംഭവത്തെക്കുറിച്ച് നിരന്തരം പരാതികള്‍ കിട്ടിയപ്പോഴാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മധ്യപ്രദേശിലെ ചെറുപട്ടണത്തിലുള്ള ആ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ആരെയും അറിയിക്കാതെയുള്ള ആ മിന്നല്‍ സന്ദര്‍ശനത്തിന് ഫലമുണ്ടായി. ആശുപത്രിയില്‍ ചുമതലയിലുണ്ടായിരുന്ന ഡോ. ബീന ഹോത്തഗി അന്നേരം രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നു. അവരുടെ കാര്‍ പുറത്തു നിര്‍ത്തിയിട്ടുമുണ്ടായിരുന്നു. പരിശോധന നടന്നതോടെ ഡോക്ടറുടെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
”കാറിനു പിറകില്‍ നിറയെ മരുന്നുകളായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലുള്ള മരുന്നുകള്‍ ഉപയോഗിക്കുയല്ലാതെ സ്വകാര്യ മരുന്നുകള്‍ കുറിച്ചുകൊടുക്കരുത് എന്നാണ് നിയമം. എന്നാല്‍, ഡോ. ബീന പുറത്തുള്ള സ്വകാര്യ ഫാര്‍മസികളിലേക്കല്ല മരുന്ന് കുറിച്ചു കൊടുത്തിരുന്നത്. താഴെക്കിടക്കുന്ന കാറിലേക്കാണ്. അതായിരുന്നു അവരുടെ മരുന്നുകട. അവരുടെ ഡ്രൈവര്‍ അവിടെയുണ്ടാവും. രോഗികളില്‍നിന്നും കൂടുതല്‍ പണം വാങ്ങി അയാള്‍ മരുന്നുകള്‍ എടുത്തു കൊടുക്കുകയാണ്. ആശുപത്രിയില്‍നിന്നും സൗജന്യമായി നല്‍കേണ്ട മരുന്നുകള്‍ പോലും ഇതുപോലെ എടുത്തുകൊടുക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് ഡോ. ബീനയെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.”-ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ സിദ്ധാര്‍ത്ഥ് ചൗഹാന്‍ പറഞ്ഞു.
ലഹാര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ തന്നെ സ്വകാര്യ ക്ലിനിക്കിലേക്കും ഡോ. ബീന രോഗികളെ പറഞ്ഞയച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ലഹാറില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ക്ലിനിക്കില്‍ വരാറുള്ള രോഗികള്‍ക്ക് നല്‍കാന്‍ വാങ്ങിവെച്ച മരുന്നുകളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.