തിരുവനന്തപുരം : ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിൽ പൊലീസ് പരിശോധന. രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചതിരിഞ്ഞ് നാലുമണി വരെ നീണ്ടു. ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസ് പ്രതികളിലൊരാളായ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയുടെ മുറിയടക്കമാണ് പൊലീസ് പരിശോധിച്ചത്. ഇയാളുടെ മുറിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു.
ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയുമാണ് ഓഫീസ് മുറിയിലെ അലമാരയിൽ നിന്ന് ലഭിച്ചത്. ടൈറ്റാനിയത്തിൽ എത്തിച്ച് ഇൻറർവ്യൂ നടത്തിയ പരാതിക്കാരും പൊലീസ് പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു. കേസിലെ പ്രധാന പ്രതിയായ ദിവ്യ നായരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മൊബൈൽ അടക്കം പരിശോധിച്ചതിൽ നിന്നും പൊലീസിനെ കിട്ടിയതും നിർണായക വിവരങ്ങളാണ്. ദിവ്യയുടെ വാട്സ് ആപ്പ് ചാറ്റുകളും ഫേസ്ബുക്ക് ചാറ്റുകളുമാണ് പൊലീസ് പരിശോധിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പൊലീസ് നിഗമനം. ശശികുമാരന്‍ തമ്പിയടക്കം കേസിലെ നാല് പ്രതികളും ഒളിവിലാണ്.
ടൈറ്റാനിയം ജോലി തട്ടിപ്പിന്‍റെ വ്യാപ്തി കൂടുകയാണ്. ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍ നിയമനത്തിനായി പണം തട്ടിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ പ്രധാന ഇടനിലക്കാരി ദിവ്യാനായരെ കൂടാതെ കൂടുതല്‍ പേര്‍ നിയമനത്തിനായി പണം വാങ്ങിയെന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. പൂജപ്പുര പൊലീസ് ദിവ്യാനായരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയ ഡയറിയിലെ വിവരം വെച്ചാണ് 29 പേരില്‍ നിന്ന് ഒരു കോടി 85 രൂപ തട്ടിയെടുത്തു എന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍ മറ്റുളളവര്‍ കൂടി ഇടനില നിന്ന് പണം തെട്ടി എന്ന വിവരം വരുന്നതോടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാധ്യത.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുക്കാന്‍ പൊലീസ് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ടൈറ്റാനിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത വന്നതിന് പിന്നാലെ ശശികുമാരന്‍ തമ്പി, ദിവ്യാനായരുടെ ഭര്‍ത്താവ് രാജേഷ്, രാജേഷിന്‍റെ സഹോദരന്‍ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസുമാണ് നിലവില്‍ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.