തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക്. നാളെ അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
അതേസമയം ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പോർമുഖം തുറന്നിരിക്കുകയാണ് ക്രൈസ്തവ സഭകൾ. കോഴിക്കോടിന്‍റെ മലയോര മേഖലയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ജനജാഗ്രത യാത്രകൾ പ്രതിഷേധത്തിന്‍റെ നേർക്കാഴ്ചയായി. തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക്, ചോര ഒഴുക്കാനും അറിയാമെന്ന് താരമശ്ശേരി ബിഷപ്പ് മുന്നറിയിപ്പ് നൽകി. സഭാ പിന്തുണയോടെ കേരള കർഷക അതിജീവന സംയുക്ത സമിതി നടത്തിയ ജനജാഗ്രത യാത്രകളിൽ കണ്ടത് വൻ ജനപങ്കാളിത്തമാണ്.
ഉപഗ്രഹ സർവ്വേ റിപ്പോർട്ടിലെ ആശയക്കുഴപ്പം നീക്കി സ്ഥല പരിശോധന അടക്കം നടത്തണം. സംസ്ഥാന സർക്കാരിന്‍റെ ഇതുവരെയുള്ള നീക്കങ്ങൾ സംശയകരമെന്നും സഭാനേതൃത്വം കുറപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങൾ കാണിച്ച ജാഗ്രത കേരളത്തിലുണ്ടായില്ല. ബഫർ സോൺ വിഷയമേറ്റെടുത്ത് കോൺഗ്രസും നാളെ മുതൽ സമരത്തിനിറങ്ങുകയാണ്. കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നാണ് തുടക്കം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.