ബംഗളുരു: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കെഗ്‌നോലി ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കര്‍ണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ജില്ലാ ആസ്ഥാനമായ ബെലഗാവിയിലെ തിലകവാടിയിലെ വാക്സിന്‍ ഡിപ്പോ ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് എംഇഎസ് പ്രവര്‍ത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് ബെലഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തില്‍ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് പോലീസ് സൂപ്രണ്ടുമാരും 11 അഡീഷണല്‍ പോലീസ് സൂപ്രണ്ടുമാരും 43 ഡെപ്യൂട്ടി എസ്പിമാരും 95 ഇന്‍സ്‌പെക്ടര്‍മാരും 241 സബ് ഇന്‍സ്‌പെക്ടര്‍മാരും പോലീസ് സംഘത്തില്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെലഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യസ്ഥത വഹിച്ചിരുന്നു. സുപ്രീം കോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതുവരെ ഒരു സംസ്ഥാനവും പ്രദേശത്തിന് അവകാശവാദങ്ങളോ ആവശ്യങ്ങളോ ഉന്നയിക്കരുതെന്നായിരുന്നു അമിത് ഷായുടെ ഉപദേശം.