KeralaNEWS

പങ്കെടുക്കാൻ ആളില്ല, ഗ്രാമസഭകളും ഇനി ഓൺലൈനാകും; ആദ്യഘട്ടം 941 പഞ്ചായത്തുകളിൽ

തിരുവനന്തപുരം: ആളൊഴിഞ്ഞ കസേരകളുമായി ഗ്രാമസഭകൾ കൂടുന്നത് തുടർക്കഥയാകുന്നതിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശസ്ഥാപനങ്ങളിലെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് വാർഡ് തലത്തിൽ നടത്തുന്ന ഗ്രാമസഭകൾ ഓൺലൈനാക്കി മാറ്റാനാണ് തീരുമാനം. 941 പഞ്ചായത്തുകളിലെ 15,963 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമസഭകളിൽ ആൾക്കാർ പങ്കെടുക്കാത്ത പ്രശ്നം പരിഹരിക്കാനും കൂടാതെ ഗ്രാമസഭകളിൽ കൂടുതൽ ചർച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്താനായിട്ടുമാണ് ഓൺലൈനാക്കുന്നത്.

ഗ്രാമസഭ പോർട്ടലായ (gramasabha.lsgkerala.gov.in) ഇതിനായി തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗ്രാമസഭകളിൽ പങ്കെടുക്കേണ്ട വോട്ടർമാരുടെ എണ്ണം കൃത്യമായി പോർട്ടലിൽ ശേഖരിച്ചിട്ടുണ്ട്. ഒരു വാർഡിലെ മുഴുവൻ വോട്ടർമാരുടെയും 10% ആണ് ഗ്രാമസഭകളുടെ ക്വോറം. അഥവാ ക്വോറം തികയാതെ വന്നാൽ ഗ്രാമസഭകൾ മാറ്റിവെക്കും. എന്നാൽ മാറ്റിവെക്കുന്ന ഗ്രാമസഭകൾ വീണ്ടും കൂടാൻ 50 പേർ മാത്രം മതിയെന്നാണ് കണക്ക്.
പല സ്ഥലങ്ങളിലും ക്വോറമില്ലാതെ ഗ്രാമസഭകൾ മാറ്റിവെക്കുകയും പിന്നീട് രണ്ടാമത് യോഗം ചേരുമ്പോൾ പല അപാകതകളും ക്രമക്കേടുകളും ഉണ്ടാവുന്നതായും ആരോപണങ്ങൾ ഉണ്ട്. എന്നാൽ ഗ്രാമസഭകൾ ഓൺലൈനാക്കുന്നതോടെ പോർട്ടൽ സജ്ജമാകുകയും പ്രവാസി വോട്ടർമാരെയുൾപ്പെടെ യോഗത്തിൽ പങ്കടുപ്പിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിർദേശങ്ങളും വസ്തുതകളും സമർപ്പിക്കാനുമുളള സംവിധാനം പോർട്ടലിൽ ഉണ്ടാകും. ഗ്രാമസഭകൾ ഓൺലൈനാക്കാനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ചട്ടം ഭേഗതി ചെയ്യേണ്ടി വരില്ലന്നും നിലവിലെ ഐ.ടി ആക്ടിലെ വ്യവസ്ഥകൾ ഉപയോഗിച്ചാൽ മതിയെന്നുമാണ് തദ്ദേശ വകുപ്പിന് ലഭിച്ച നിയമോപദേശം. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ മുഴുവൻ ഫണ്ടിന്റെ 30% വരെ ചെലവഴിക്കുന്നത്. ഭവന നിർമാണം മുതൽ വിവിധ വകുപ്പുകളുടെ വ്യത്യസ്ത പദ്ധതികളുടെ കരട് രേഖയും വിഹിതം ചെലവിടുന്നതും ഗുണഭോക്തൃ പട്ടിക വരെ തീരുമാനിക്കുന്നത് ഗ്രാമസഭയാണ്.

Back to top button
error: