ആവേശകരമായ ഖത്തർ ലോകകപ്പ് മത്സരത്തിലെ ലൂസേഴ്സ് ഫൈനലിൽ ഇന്നലെ ക്രോയേഷ്യ വിജയകിരീടം ചൂടി. ഇന്ന് രാത്രി 8.30 നാണ് കലാശപ്പോരാട്ടം. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ഫൈനൽ മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്.
കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജൻ്റീന ഏറ്റുമുട്ടും. ഇതിഹാസതാരം മെസ്സിയുടെ അവസാന വേൾഡ് കപ്പ് മത്സരം കൂടിയാണ് ഇന്നത്തെ ഫൈനൽ. അതുകൊണ്ടുതന്നെ, കിരീടം നേടി മെസ്സിക്ക് മികച്ച യാത്രയയപ്പ് നൽകാമെന്നുള്ള ആത്മവിശ്വാസത്തിലാണ് അർജന്റീന. പക്ഷേ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശക്തരായ ഫ്രാന്‍സിനെ കീഴടക്കാന്‍ മെസി മാജിക്കിന് സാധിക്കുമോ?
മുപ്പത്തിരണ്ട് ടീമുകളിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയ ലോകകപ്പ് ഫൈനൽ കളിക്കുന്ന ഇന്ന് (ഡിസംബർ 18) ഖത്തർ ദേശീയ ദിനം കൂടിയാണ്.
ഖത്തറിൽ തിരക്കൊഴിയുകയാണ്. കച്ചവടകേന്ദ്രങ്ങളിലും മാളുകളിലും മെട്രോകളിലും കളിക്കളത്തിലെ രാജ്യത്തിലെ ജനങ്ങൾ മാത്രമായിച്ചുരുങ്ങിയിരിക്കുന്നു.
സെമിഫൈനൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ മിക്കവാറും ടീമുകളും അവരുടെ ആരാധകരും സ്വന്തം രാജ്യങ്ങളിലേക്ക് അതിവേഗം മടങ്ങി. ഏറ്റവുമധികം ആവേശത്തോടേയും ആരവത്തോടേയും സ്റ്റേഡിയവും നിരത്തുകളും മുഖരിതമാക്കിയത് അർജന്റീനയാണ്. സിരകളിൽ കാൽപന്തുകളിയുടെ ചോരയൊഴുകുന്ന ലാറ്റിനമേരിക്കൻ പാരമ്പര്യത്തിന്റെ നേരവകാശികൾ…!
പത്തു ലക്ഷത്തിലധികം ആളുകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ഖത്തറിൽ എത്തുമ്പോൾ നിലവിലെ റോഡുകൾ മതിയാകുമോ? ട്രാഫിക് എന്താകും, എങ്ങനെ സ്റ്റേഡിയങ്ങളിലെത്തിപ്പെടും എന്നൊക്കെ യായിരുന്നു ചർച്ചകൾ. കോവിഡ് മൂലം രണ്ടുവർഷക്കാലത്തോളം നിലച്ചുപോയ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി പൂർത്തിയാക്കാൻ ഖത്തറിനു കഴിഞ്ഞു. കേരളത്തിലെ രണ്ടു ജില്ലകളുടെ മാത്രം വലിപ്പമുള്ള ഖത്തറിന്റെ സംഘാടനാശേഷിയും ആഥിത്യമര്യാദയും ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു.
ഖത്തറിലെ സാമൂഹ്യജീവിതത്തെയോ ദൈനംദിനെ ബിസിനസ്സുകളെയോ യാത്രാസംവിധാനങ്ങളെയോ ഒന്നും തന്നെ ഈ തിരക്കുകൾ ബാധിച്ചില്ല. കാര്യങ്ങൾ എല്ലാം മുറപോലെ നടന്നു. പലപ്പോഴും നഗരത്തിലെത്തിപ്പെടുന്നവർ അത്ഭുതപ്പെട്ടുപോകും, എവിടെയാണ് പരിപാടികൾ നടക്കുന്നതെന്ന്. അത്രമാത്രം സുസംഘടിതമായ രീതിയിലാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഈ മേള സംഘടിപ്പിക്കപ്പെട്ടത്.
ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കാണികളായി മാത്രം ഏതാണ്ട് തൊണ്ണൂറായിരം പേരെയാണ് എത്തിക്കേണ്ടിയിരുന്നത്. ഇടതടവില്ലാതെ ഓരോ മിനിറ്റിലും കാണികൾ മെട്രോയും രാജ്യത്തിന്റെ തന്നെ പല കൈവഴികളിൽ നിന്നും ബസ്സിലും ടാക്സികളിലും സ്വകാര്യ വാഹനങ്ങളിലുമായി അവിടെ എത്തിച്ചേർന്നുകൊണ്ടിരുന്നു. വിവിധ ഭാഷയിൽ വിവിധ വർണങ്ങളിൽ അവരൊരു നദീപ്രവാഹമായി അലിഞ്ഞുചേരുകയായിരുന്നു.
ഖത്തർ മെട്രോയെ ഇക്കാര്യത്തിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏതാണ്ട് ഏഴോ എട്ടോ നിലകളുടെയത്രയും ആഴത്തിലാണ് മെട്രോ ഓടിക്കൊണ്ടിരിക്കുന്നത്. മെട്രോകളിൽനിന്നും വിവിധ വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്ക് ചെറുതും വലുതുമായ ബസ് സർവീസുകൾ നിരന്തരം ഓടിക്കൊണ്ടിരുന്നു. ഏതാണ്ട് നാലായിരത്തോളം ബസുകളാണ് സർവീസ് നടത്തിയത്. ഇതിലെല്ലാം സർവീസ് ഫ്രീയായിരുന്നുവെന്നതാണ് ആഹ്ലാദകരമായ മറ്റൊരു വസ്തുത. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ ഇതൊക്കെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി മാറുമായിരുന്നു.
കളി സ്ഥലത്ത് എത്തുന്നവർക്കാകട്ടെ തങ്ങളുടെ ഇഷ്ട ടീമിന്റെ ചെറുതും വലുതുമായ പതാകകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. എവിടെയും ആർക്കും തിരക്കുകൾ അനുഭവപ്പെടുന്നില്ല. വളരെ എളുപ്പത്തിൽ എല്ലാവർക്കും പ്രവേശിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ.
കളി കഴിഞ്ഞ് തിരിച്ചുപോകവേ വിവിധരാജ്യക്കാരുടെ താളമേളങ്ങൾ ജയിച്ചവർക്ക് ആഹ്ലാദിക്കാനും തോറ്റവർക്ക് താൽക്കാലികമായി വിഷമം മറക്കാനുമുള്ള അവസരങ്ങളൊരുക്കുന്നു.
ഏറ്റവും അവസാനത്തെ കാണിയും അവരവരുടെ വീടുകളിലെത്തുന്നു എന്നു ഉറപ്പുവരുത്തുന്ന ഒരു സംവിധാനം.
അൽബിദയിലും കോർണീഷിലുമുൾപ്പെടെ ഒരുക്കിയ ഫാൻസോണുകളിലും ലക്ഷങ്ങളാണ് പടുകൂറ്റൻ സ്ക്രീനിൽ കളിയാസ്വദിച്ച് മടങ്ങിയത്. കളികൾ തുടങ്ങുന്നതിന് മുമ്പ് ലോകപ്രശസ്തരായ ആളുകളുടെ പാട്ടുകളും ബാന്റുകളും കൊണ്ട് ആഹ്ളാദനിർഭരമാകുന്ന അന്തരീക്ഷം. ചില സ്റ്റേഡിയങ്ങൾക്ക് സമീപവും ഇത്തരം സംഗീത പരിപാടികൾ നടക്കുന്നതായി കണ്ടിരുന്നു.
എന്നെങ്കിലും ഒരു ലോകകപ്പ് കാണുമോയെന്നത് സ്വപ്നത്തിൽപ്പോലും ഇല്ലാത്ത മൂന്നാം ലോക രാജ്യത്തിലെ ജനങ്ങൾക്ക്, വിശേഷിച്ച് മലയാളികൾക്കു കൈവന്ന അസുലഭമായ അവസരമായിരുന്നു ഈ ലോകകപ്പ്. ഏറ്റവുമധികം മലയാളികൾ കണ്ട ലോകകപ്പാണ് ഖത്തറിൽ ഇന്നവസാനിക്കുന്നത്.
ആനന്ദിക്കാനുള്ള മനുഷ്യാവകാശങ്ങളുടെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളാണ് ഫുട്ബോൾ ഒരുക്കുന്നത്. അവിടെ ജാതിയോ മതമോ ദേശ ഭാഷാഭേദങ്ങളോ ഇല്ല. പച്ചപ്പുൽമൈതാനമാണ് ദേശം. ഫുട്ബോളെന്ന കളിയാണ് അവരുടെ രാജ്യവും ഭാഷയും.