CrimeIndiaNEWS

ഗുരുഗ്രാമിലെ 30 കോടിയുടെ കവര്‍ച്ച: മുഖ്യസൂത്രധാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ഗുരുഗ്രാം: കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമിൽ 30 കോടി രൂപയുടെ കവര്‍ന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. കൊലപാതകം, കൊള്ള ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വികാസ് ലഗര്‍പുരിയ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിക്ക് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക ദൗത്യ സേന ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു.

പിടിയിലാകുമ്പോള്‍ ലഗര്‍പുരിയ ഒരു ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് ഗുരുഗ്രാം പ്രത്യേക ദൗത്യസേന ഐ.ജി. ബി സതീഷ് ബാലന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഗുണ്ടാസംഘത്തെ പിടികൂടിയതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ലഗര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് പ്രതി. ഹരിയാനയിലും ഡൽഹിയിലും ഇയാൾക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ ഉൾപ്പെടെ നിരവധി കേസുകളുണ്ട്.

Signature-ad

കഴിഞ്ഞ ഏഴു വര്‍ഷമായി ഒളിവില്‍ കഴിയുന്ന ലഗര്‍പുരിയയ്ക്കെതിരെ ഡല്‍ഹി പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുരുഗ്രാമില്‍ 30 കോടിയുടെ കവര്‍ച്ച നടത്തിയതിന് ഹരിയാന എസ്ടിഎഫ് ഇയാളെ തിരയുകയായിരുന്നു. രണ്ട് ഡോക്ടര്‍മാരും ഡല്‍ഹി പോലീസുകാരനും ഹരിയാന ഐപിഎസുകാരനും ഉൾപ്പെടെയാണ് മറ്റു പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. മൂന്നു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വികാസിന്റെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

 

Back to top button
error: