KeralaNEWS

ശമ്പളം കിട്ടിയില്ല, വെള്ളവും വെളിച്ചവും മുടങ്ങി; പ്രതിസന്ധിയിലായ കെഎസ്ആർടിസി ജീവനക്കാരന് ദൈവകരങ്ങൾപോലെ തികച്ചും അപരിചിതരായവരിൽനിന്ന് സഹായമെത്തി… കൈത്താങ്ങായത് അരിമ്പൂരിലെ കെഎസ്ഇബി ജീവനക്കാർ

അരിമ്പൂർ: ശമ്പളം കിട്ടാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസി ജീവനക്കാരന് കൈത്താങ്ങായി കെഎസ്ഇബി ജീവനക്കാർ. തൃശൂർ അരിമ്പൂരിലാണ് സംഭവം. പണമടയ്ക്കാത്തതിനാൽ കഴിഞ്ഞ എട്ടിന് സുശീലൻറെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ശമ്പളം വൈകുന്നതാണ് കാരണമെന്ന് തിരിച്ചറിഞ്ഞ അരിമ്പൂർ സെക്ഷനിലെ സീനിയർ സൂപ്രണ്ട് സചിത് കുമാറും ക്യാഷ്യറായ വി.വി. സുർജിത്തും ചേർന്ന് പണമടച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകുകയായിരുന്നു.

2188 രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്ന ബിൽ തുക. പലരോടും കടം ചോദിച്ചിട്ടും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ബിൽ അടവ് മുടങ്ങിയത്. വാടക വീട്ടിൽ വെള്ളോം വെളിച്ചോം ഇല്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി ജീവനക്കാരന് സഹായമായത്. രാവിലെ ഏഴ് മണിക്ക് വണ്ടി ഓടിക്കാൻ തുടങ്ങിയാൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമം ഇല്ലാതെ വാഹനം ഓടിച്ച ശേഷം അഡീഷണൽ ഡ്യൂട്ടി കൂടി എടുത്താണ് സുശീലൻ ജീവിതത്തിൻറെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കുന്നത്.

Signature-ad

ബില്ല് അടച്ച കെഎസ്ഇബി ജീവനക്കാരോട് പറഞ്ഞ് തീർക്കാൻ കഴിയാത്ത നന്ദിയുണ്ടെന്ന് സുശീലൻ പറയുന്നു. വീട്ടുകാരും കൂട്ടുകാരും പോലും സഹായിക്കാൻ മടി കാണിച്ച സമയത്താണ് തികച്ചും അപരിചിതരായ ഒരാൾക്കായി അവർ സഹായ ഹസ്തം നീട്ടിയതെന്ന് സുശീലൻ പറയുന്നു. സുശീലൻ പറഞ്ഞതിൽ കള്ളമുണ്ടെന്ന് തോന്നിയില്ല. അതാണ് സഹായിച്ചതെന്നാണ് കേരള ഫുട്ബോൾ ടീമിൻറെ മുൻ നായകൻ കൂടിയായ വി വി സുർജിത്ത് പറയുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ എല്ലാ മാസവും നൽകിവരുന്ന പ്രത്യേക തുക നിർത്തലാക്കാനുള്ള നീക്കത്തിലാണ് സർക്കാരുള്ളത്. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആർടിസിയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാൽ കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടുമില്ല.

Back to top button
error: