ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം നേടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താനായി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, ഒരു മുഴം മുമ്പേ എറിഞ്ഞ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ കുടുംബത്തെ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭ പറഞ്ഞു.
വീര്‍ഭദ്രസിങ്ങിന്റെ പേരും ചിത്രവുമെല്ലാം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് വോട്ടുതേടിയത്. അദ്ദേഹത്തിന്റെ പേരും മുഖവും കുടുംബവുമെല്ലാം ഉപയോഗിച്ച ശേഷം മറ്റൊരാള്‍ക്ക് ക്രെഡിറ്റ് നല്‍കരുത്. ഹൈക്കമാന്‍ഡ് ഇത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, വീര്‍ഭദ്രസിങ്ങിന്റെ ഭാര്യയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ പ്രതിഭ സിങ് പറഞ്ഞു.
തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കിക്കൊണ്ട് 68 മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുമാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടത്. താനത് ആത്മാര്‍ത്ഥമായി ചെയ്തു. അതിന്റെ ഫലം നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാവുന്നതാണെന്നും പ്രതിഭ സിങ്ങ് പറഞ്ഞു. മന്‍ഡി ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് നിലവില്‍ പ്രതിഭ. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഭ സിങ്ങ് മത്സരിച്ചിരുന്നില്ല.
കോണ്‍ഗ്രസ് ഭരണം നേടിയതോടെ പ്രതിഭ സിങ്ങിന്റെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുഖു, നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി ഇന്നു മൂന്നുമണിക്കാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പല പേരുകളും കേള്‍ക്കുന്നുണ്ടെന്നും, എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷമാകും തീരുമാനമുണ്ടാകുക എന്നും വീര്‍ഭദ്രസിങ്ങിന്റെ മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ്ങ് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് അവരുടെ നേതാവ് ആരാണെന്ന് നിശ്ചയിക്കേണ്ടത്. അത് അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. എംഎല്‍എമാരുടെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും വിക്രമാദിത്യ സിങ്ങ് പറഞ്ഞു. ഹിമാചല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 68 ല്‍ 40 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്.