ചെന്നൈ: ജോലിയും സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരവും വാഗ്ദാനംചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ മൂരിയാട് സ്വദേശി കെ. കിരണാണ്(29) ചെന്നൈയില്‍ അറസ്റ്റിലായത്.
അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റിലെ വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരത്തിന്െ്റ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇവിടെനിന്ന് വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നു പോലീസ് പറഞ്ഞു. റെയ്ഡിനിടെ രക്ഷപ്പെട്ട ഇയാളുടെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
ജോലിതേടി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് കിരണ്‍ വലയിലാക്കിയിരുന്നത്. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.