കോഴിക്കാട്: കോര്‍പ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) മുന്‍ മാനേജര്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണവും തട്ടിയെടുത്തായി കണ്ടെത്തല്‍. 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറിയാണ് കണ്ടെത്തതിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
ഇതുവരെ കോഴിക്കോട് കോര്‍പ്പറേഷന്റെ പണം മാത്രമാണ് തട്ടിയെടുത്തതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 12.68 കോടി രൂപ ബാങ്കിന് നഷ്ടമായെന്നാണ് പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമേ കോഴിക്കോട് കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകള്‍ അടക്കം 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേഷന്‍ മാത്രമല്ല, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, 15.24 കോടി രൂപ നഷ്ടമായെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. അന്തിമ ഓഡിറ്റിങ്ങിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. നിലവില്‍ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 12.68 കോടി രൂപയാണ് ബാങ്കിന് നഷ്ടമായിരിക്കുന്നത്. ഇതില്‍ സ്വകാര്യ വ്യക്തിയുടെ 18ലക്ഷവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.