മലപ്പുറം: പെരുവള്ളൂര്‍ ഉങ്ങുങ്ങലില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മാവൂര്‍ സ്വദേശി നാദിര്‍ (17) ആണ് മരിച്ചത്.
സ്‌കൂളിനു സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയില്‍നിന്ന് അഗ്‌നിശമന സേനാ യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ടി.ഡി.ആര്‍.എഫ് വൊളന്റിയര്‍മാരായ ഫസല്‍ റഹ്‌മാന്‍ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
നജാത്ത് സ്‌കൂളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിയാണ്. തേഞ്ഞിപ്പാലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.