ന്യൂഡല്‍ഹി: ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഗണേശ് നഗറില്‍ താമസക്കാരിയായ രേഖ റാണി (35) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായ മന്‍പ്രീത് സിങ് എന്നയാളാണ് സംഭവത്തില്‍ പിടിയിലായത്. രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിനു പിന്നാലെയാണ് സമാന സ്വഭാവമുള്ള മറ്റൊരു സംഭവംകൂടി ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുള്ള മന്‍പ്രീത് എട്ട് വര്‍ഷമായി രേഖാ റാണിക്കൊപ്പം ഗണേശ് നഗറിലായിരുന്നു താമസം.
പങ്കാളികള്‍ക്കിടയില്‍ പണത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിനേത്തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ മന്‍പ്രീത് തീരുമാനിച്ചത്. ഇതിനായി പ്രത്യേക കത്തി വാങ്ങുകയും ചെയ്തു. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. മന്‍പ്രീത് രേഖയുടെ മുഖത്തും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
രേഖയുടെ 15 വയസ്സുള്ള മകളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. മകള്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് രേഖയെ മന്‍പ്രീത് കൊലപ്പെടുത്തിയത്. ഇടയ്ക്ക് ഉണര്‍ന്ന് അമ്മയെ അന്വേഷിച്ചപ്പോള്‍ രേഖ മാര്‍ക്കറ്റില്‍ പോയതായി മന്‍പ്രീത് പറഞ്ഞതായി മകള്‍ മൊഴി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയും ബന്ധുക്കളുമായി തിരികെ എത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കാണുകയും ചെയ്തു. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.
കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മന്‍പ്രീത് എന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മന്‍പ്രീത് പഞ്ചാബിലെ സ്വന്തം നാട്ടിലേക്ക് മന്‍പ്രീത് കടന്നു. ഇവിടെനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.