Social MediaTRENDING

ജീവിതയാത്രയില്‍ റിങ്കിക്കും പിങ്കിക്കും സാരഥിയായി അതുല്‍; ഒരാളെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാര്‍

മുംബൈ: പരസ്പരം പിരിയാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ ജീവിത പങ്കാളിയാക്കി ഇരട്ടസഹോദരിമാര്‍. മുംബൈ കാന്തിവലി സ്വദേശികളും ഐടി എഞ്ചിനീയര്‍മാരുമായ പിങ്കിയും റിങ്കിയുമാണ് കഥയിലെ നായികമാര്‍. ഷോലാപ്പുര്‍ ജില്ലയിലെ മാല്‍ഷിറസ് സ്വദേശിയായ അതുലാണ് വരന്‍. കഴിഞ്ഞ ദിവസം അക്ലുജില്‍ നടന്ന ചടങ്ങിലായിരുന്നു അത്യപൂര്‍വമായ വിവാഹം.

ജനനം മുതല്‍ പിങ്കിയും റിങ്കിയും ഒരുമിച്ചായിരുന്നു. നഴ്‌സറി ക്ലാസ് മുതല്‍ എഞ്ചിനീയറിങ്ങ് വരെ ഒരേ ക്ലാസില്‍ തന്നെയായിരുന്നു പഠനവും.
ജീവിത അവസാനം വരെ ഒരുമിച്ച് തന്നെ ഒരേവീട്ടില്‍ കഴിയണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനായി വിവാഹം കഴിച്ച് ഒരേ വീട്ടിലേക്ക് തന്നെ പോകണമെന്നായിരുന്നു ഇവരുടെ തീരുമാനം. ഈ തീരുമാനമാണ് അതുലിനെ വിവാഹം ചെയ്യുന്നതിലേക്ക് ഇരുവരെയും എത്തിച്ചത്. യുവാവിന്റെ വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ ഒടുവില്‍ വിവാഹത്തിന് അവസരമൊരുങ്ങി. അക്ലൂജ് ഘംപൂര്‍ റോഡിലെ ഗലാന്‍ഡേ ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹം.

അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയ്ക്ക് ഒപ്പമായിരുന്നു ഇരട്ട സഹോദരിമാര്‍ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മ അസുഖബാധിതയായപ്പോള്‍ അതുലിന്‍െ്‌റ ടാക്‌സിയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഈ സമയത്താണ് ഇവര്‍ തമ്മിലുള്ള അടുപ്പം വളരുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അമ്മയെ പരിചരിക്കാന്‍ പിങ്കിയെയും റിങ്കിയെയും അതുല്‍ സഹായിച്ചിരുന്നു. ഇതിനിടയില്‍ സഹോദരിമാരിലൊരാള്‍ക്ക് അതുലിനോട് പ്രണയം തോന്നി. ഇത് മറ്റേയാള്‍ മനസിലാക്കുകയും ചെയ്തു.

തങ്ങള്‍ക്ക് പിരിഞ്ഞ് ജീവിക്കാനാകില്ലെന്നും ഒരാള്‍ അതുലിനെ വിവാഹം ചെയ്താല്‍ അത് മറ്റേയാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നും തിരിച്ചറിഞ്ഞ ഇരുവരും ചേര്‍ന്ന് അതുലിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മക്കളുടെ അവസ്ഥ മനസിലാക്കിയ ഇവരുടെ അമ്മ ഈ വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. അതുലിന്റെ വീട്ടുകാരും ഇരുവരെയും വിവാഹം ചെയ്യാന്‍ മകനെ അനുവദിച്ചതോടെ അക്ലുജില്‍ വച്ച് വിവാച ചടങ്ങുകള്‍ നടത്തുകയായിരുന്നു.

പിങ്കിയും റിങ്കിയും ചേര്‍ന്ന് അതുലിന്റെ കഴുത്തില്‍ ഹാരമണിയിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ഇരട്ട സഹോദരിമാര്‍ ഒരേയുവാവിനെ വിവാഹം ചെയ്ത വാര്‍ത്ത പുറത്ത് വന്നതോടെ, സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയുമായി. ഇത് നിയമപരമാണോയെന്നും മറ്റുമാണ് പലരും ചോദിക്കുന്നത്.

 

Back to top button
error: