CrimeNEWS

ഹലാൽ ഗോട്ട് ഫാമിൻറെ പേരിൽ കോടികളുടെ തട്ടിപ്പ്; പ്രതികളുടെ അക്കൗണ്ടുകളിലൂടെ നടന്നത് 4 കോടിയുടെ ഇടപാട്

മലപ്പുറം: ആട് ഫാമിന്റെ പേരിൽ മലപ്പുറം അരീക്കോട് നടന്നത് കോടികളുടെ തട്ടിപ്പെന്ന് പൊലീസ്. മൂന്ന് പ്രതികളുടെ അക്കൗണ്ടുകളിൽ ഈ വർഷം നാല് കോടിയോളം രൂപയുടെ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. അരീക്കോട് ഒതായി എന്ന സ്ഥലത്ത് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ സ്ഥാപനം തുടങ്ങിയവർ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങി എന്നായിരുന്നു പരാതി.

വിവിധ ജില്ലകളിലെ മാർക്കറ്റുകളിലേക്ക് ആടുകളെ നൽകുന്ന വൻ ഡീലർമാരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഉപഭോക്താക്കളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപകർക്ക് ആദ്യമാസം ലാഭവിഹിതം കിട്ടിയതോടെ കൂടുതൽ പേർ പങ്കാളികളായി. പക്ഷെ പിന്നീട് നടത്തിപ്പുകാർ മുങ്ങുകയായിരുന്നു. തിരൂരങ്ങാടി സ്വദേശി കെവി സെലിക്, റിയാസ് ബാബു, എടവണ്ണ റിഷാദ് മോൻ എന്നിവർക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ഇതിൽ റിഷാദ് മോൻ പിടിയിലായി. മറ്റ് രണ്ടു പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

അടുത്ത ദിവസം ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതികളുടെ അക്കൗണ്ടിൽ ഈ വർഷം മാത്രം നാല് കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നെന്ന് പൊലീസ് കണ്ടെത്തി. മുൻ വർഷങ്ങളുടെ കണക്ക് കൂടി ലഭിക്കുമ്പോൾ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണക്കുകൂട്ടൽ. അക്കൗണ്ടുകൾ മരവിപ്പിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമായിരുന്നു നിക്ഷേപകരെ ആകർഷിച്ചത്. സംസ്ഥാത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്.

Back to top button
error: