CrimeNEWS

ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി; പെൺകുട്ടികളടക്കം 6 പേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. സംഘട്ടനത്തിൽ പെൺകുട്ടികളടക്കം 6 പേർക്ക് പരുക്കേറ്റു. എസ്ഡി കോളേജിലെ തെരഞ്ഞെടുപ്പ് കൊട്ടികലാശമാണ് എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ കലാശിച്ചത്. യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് ചേരിയിലാണ് എസ്എഫ്ഐയും എഐഎസ്എഫും മത്സരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ ഇരുവിഭാഗവും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. എഐഎസ്എഫ് പ്രവർത്തകർ മനഃപൂർവം ആക്രമിക്കുകയിരുന്നു എന്ന് എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐ പ്രവർത്തകരായ പൂജ, സാന്ദ്ര, മഴ എന്നിവരെ മർദിച്ചന്ന് എസ്എഫ്ഐ ആരോപിച്ചു.

പ്രചാരണത്തിൽ തങ്ങൾക്ക് മേൽകൈ ഉണ്ടെന്ന് വ്യക്തമായതോടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് എഐഎസ്എഫ് പറയുന്നത്. മൂന്ന് എഐഎസ്എഫ് പ്രവർത്തകർ ചികിത്സയിലാണ്. സംഘർഷത്തിനിടെ ഒരു സംഘടനകളുടെയും ഭാഗമല്ലാത്ത തന്നെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് ഒരു വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. പരിക്കേറ്റ വിദ്യാർത്ഥികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ സൗത്ത് പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് യൂണിയൻ തെരഞ്ഞെടുപ്പ്.

Signature-ad

അതേസമയം, യൂണിയൻ തെരഞ്ഞെടുപ്പിനിടെ വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരും ഏറ്റുമുട്ടി. എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്ക് പരിക്കേറ്റു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മേപ്പാടി എസ്എച്ച്ഒ വിപിനും പരിക്കേറ്റു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. കോളേജിലെ യുഡിഎസ്എഫിൻ്റെ പിന്തുണയുള്ള ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.

Back to top button
error: