കോഴിക്കോട്: കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാള്‍ കഞ്ചാവുകേസില്‍ പിടിയിലായി. തമിഴ്നാട് സ്വദേശിയായ എം. മുരുകന് (59) നെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാമില്‍ താഴെ മാത്രം കഞ്ചാവ് പലതവണകളായി കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ആന്ധ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്നിന്നാണ് മുരുകന് കഞ്ചാവ് വാങ്ങുന്നത്.
ഫോണ്‍ ചെയ്ത് ഓര്‍ഡര്‍ ബുക്ക് ചെയ്ത ശേഷം ആവശ്യക്കാര്‍ എത്തേണ്ട സ്ഥലം മുരുകന് അറിയിക്കും. എല്ലാവരോടും ഒരേ സ്ഥലത്ത് എത്തിച്ചേരാനാണ് പറയുക. എത്തിയ ഉടനെ വില്പന നടത്തി സ്ഥലംവിടുന്നതിനാല്‍ മുരുകനെ കഞ്ചാവുമായി പിടികൂടുക എളുപ്പമായിരുന്നില്ല. ജാമ്യം ലഭിക്കത്തക്ക അളവില്‍ മാത്രം കഞ്ചാവുമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തും. പുലര്‍ച്ചെ സമയങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍ക്കും.
സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ബാറിന് മുന്നില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് 4,000 രൂപയും പിടിച്ചെടുത്തു.