Movie

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ്- നയൻതാര ചിത്രം ‘ഗോള്‍ഡ്’ വൻ പ്രതീക്ഷകളോടെ ഇന്ന് തിയറ്ററുകളിലെത്തി, തരുണ്‍മൂര്‍ത്തിയുടെ ‘സൗദി വെള്ളക്ക’ നാളെ

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൻസ് പുത്രന്റെ ​’ഗോൾഡ്’ തിയറ്ററുകളിലെത്തി. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അൽഫോൻസ് ​’ഗോൾഡ്’ പുറത്തിറക്കുന്നത്.

അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കി കഴിഞ്ഞു ‘ഗോള്‍ഡ്.’ വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട് ‘ഗോൾഡി’ന്. പൃഥ്വിരാജിനും നയൻതാരയ്ക്കും പറമേ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ നാളെ തീയേറ്ററുകളിലെത്തുന്നു. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് ഒരു സോഷ്യല്‍ ഡ്രാമ ജോണറില്‍പ്പെടുന്ന ചിത്രത്തിന്റെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് സംവിധായകന്‍ തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായവും സംവിധായകന്‍ തേടി. ചിത്രം ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Back to top button
error: