കൊല്ലം: കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ പിടിയില്‍. കിളികൊല്ലൂര്‍ സ്വദേശി ഷെഫീക്കിനെ (31) തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ പാരിപ്പള്ളി എഴിപ്പുറം നിര്‍മാല്യത്തില്‍ രഞ്ജിത്ത് (40), ശക്തികുളങ്ങര കുറമള തോപ്പ് പീറ്റര്‍ ഡേയ്ലില്‍ ജോസ് (53), രാമന്‍കുളങ്ങര മതേതര നഗര്‍ കരിശയ്യം വീട്ടില്‍ ഫൈസല്‍ (28), നീണ്ടകര അമ്പിളി ജംക്ഷന്‍ ഫാത്തിമ ഭവനില്‍ ആല്‍ബര്‍ട്ട് (40) എന്നിവരാണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണു സംഭവം. വീടുകളുടെ നിര്‍മാണം കരാര്‍ എടുത്തു ചെയ്യുന്ന ഷെഫീക്കിനെ വീട് നിര്‍മിക്കാനുള്ള സ്ഥലം കാട്ടി നല്‍കാമെന്ന വ്യാജേനെ ജോസ് നീണ്ടകരയിലേക്കു വിളിച്ചു വരുത്തി. കാറില്‍ എത്തിയ ഷെഫീക്കിനെയും കൂട്ടി ശക്തികുളങ്ങരയിലെ ആല്‍ബര്‍ട്ടിന്റെ വീട്ടില്‍ എത്തി. തുടര്‍ന്നാണു, മറ്റു പ്രതികളും കൂടി ചേര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്.
രഞ്ജിത്തും ഷെഫീക്കിന്റെ പിതാവും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറയുന്നു. വാഹനത്തിന്റെ താക്കോലും ഫോണും വാങ്ങിയ പ്രതികള്‍ ഇയാളോടു 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഫോണില്‍ വിളിച്ച് ഷെഫീക്ക് വിവരങ്ങള്‍ പറഞ്ഞതനുസരിച്ച് ഭാര്യ കിളികൊല്ലൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ സ്ഥിരീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആശ്രാമം ഭാഗത്തു നിന്നു പ്രതികളെ പിടികൂടി.