പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ പിതാവിന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് കുമ്പഴ സ്വദേശിയെയാണ് (45) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കേസ് പരിഗണിച്ച ജഡ്ജി ജയകുമാര്‍ ജോണ്‍ വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം 107 വര്‍ഷം കഠിന തടവാണ് വിധിച്ചതെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് ശിക്ഷാകാലാവധി 67 വര്‍ഷമായിരിക്കും.
2020 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പിതാവിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് അമ്മ വേര്‍പിരിഞ്ഞാണ് താമസം. പെണ്‍കുട്ടി അതിനിഷ്ഠൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പീഡനത്തെ തുടര്‍ന്ന് അയല്‍വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി അടുത്തദിവസം സ്‌കൂളിലെത്തി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ന്യൂമാന്‍ അന്വേഷണം നടത്തുകയും ജി.സുനില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.