തുറമുഖ സമരവുമായി ബന്ധപ്പെട്ട് നിയമ വ്യവസ്ഥയേയും, രാജ്യതാല്പര്യങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നടക്കുന്ന സമരാഭാസത്തിന്റെ ഭീകര ഭാവമാണ് വിഴിഞ്ഞത്ത് അരങ്ങേറിയത്. ബഹു. ഹൈക്കോടതി വിധിയെപ്പോലും അംഗീകരിക്കാതെ നിയമവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ആളുകളെ കസ്റ്റഡിയിലെടുത്തതിനെ എതിർത്ത് കൊണ്ടും, കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വിഴിഞ്ഞത്ത് അക്രമികൾ നടത്തിയ ഭീകരമായ തേർവാഴ്ച്ച കണ്ട് കേരളം നടുങ്ങിയിരിക്കുകയാണ്.
സമരം ചെയ്യാൻ എന്ന പേരിൽ എത്തിയവർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പോലീസുദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ചു. കല്ലും കട്ടയും മരകഷ്ണങ്ങളും, ചെടിച്ചട്ടിയും, കുപ്പികളും കൊണ്ടുളള മാരകമായ ആക്രമണത്തിൽ ഞങ്ങളുടെ സഹപ്രവർത്തകരായ 45 പോലീസുദ്യോഗസ്ഥർക്കാണ് സാരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. കൂടാതെ പോലീസ് സ്റ്റേഷൻ തല്ലി തകർക്കുകയും അവിടെ ഉണ്ടായിരുന്ന ഫയലുകളും, വയർലെസ് സംവിധാനങ്ങളും, മറ്റു ഉൾപ്പെടെയുളള സാധന സാമഗ്രികൾ നശിപ്പിക്കുകയും, നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ആംബുലൻസുകളെപോലും തടഞ്ഞുനിർത്തിയ ഭീകരാവസ്ഥ നമ്മൾ അടുത്തകാലത്തൊന്നും കേട്ടതായി അറിവില്ല.
പോലീസുദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്യേശത്തോടെയുളള ഈ തേർവാഴ്ച വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്ത് നിയമത്തിനും നീതിന്യായ വ്യവസ്ഥക്കും കീഴ്പ്പെട്ടുകൊണ്ടു ജീവിക്കുക എന്നത് ഏതൊരു പൗരൻറെയും കടമയാണ്. ആ അതിർവരമ്പ് ലംഘിക്കാൻ ആരെയും അനുവദിക്കാൻ പാടില്ലെന്നും കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി KP പ്രവീൺ പ്രസ്താവനയിൽ പറഞ്ഞു.