IndiaNEWS

പ്രധാനപ്പെട്ട 20 പ്രഭാത വാർത്തകൾ

വിഴിഞ്ഞത്ത് തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്.ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ പോലീസിനെക്കൊണ്ട് കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്.ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് വിഴിഞ്ഞം സംഘര്‍ഷത്തില്‍  പോലീസ് കേസെടുത്തത്. ഗൂഢാലോചന അടക്കമുള്ള കേസുകള്‍ ബിഷപ്പിനെതിരെ ചുമത്തിയിട്ടുണ്ട്. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാനാണ് സർക്കാർ നീക്കം. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

Signature-ad

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ കെസിബിസി. കേസുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തെ പ്രതികാര നടപടികളിലൂടെ ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.

വിഴിഞ്ഞം പ്രദേശത്തു മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്കു നിരോധിച്ചു. ഡിസംബര്‍ നാലു വരെ മദ്യം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ് എം.പിക്കെതിരേ തെളിവില്ലെന്നു സി.ബി.ഐ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് സി.ബി.ഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പരാതിക്കാരിക്കെതിരെ വിമര്‍ശനങ്ങളോടെയാണു റിപ്പോര്‍ട്ട്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരേയും തെളിവില്ലെന്നു സി.ബി.ഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് തടങ്കല്‍ പാളയം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ മാസം 21 നാണ് ആരംഭിച്ചത്. 20 പേരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയമാണിത്. വിസ, പാസ്പോര്‍ട്ട്, പൗരത്വ നിയമലംഘനം നടത്തുന്ന വിദേശികള്‍ ഇവർക്കായാണ് ഈ തടങ്കല്‍ പാളയം. സാമൂഹ്യനീതി വകുപ്പാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം.

കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്നും പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചത് ആരെന്ന് അറിയില്ലെന്ന കമ്മീഷണറുടെ റിപ്പോർട്ട് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ.

പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധുര സ്വദേശികളായ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ മുതലമട സ്വദേശി കബീറിനെ ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. കബീറിനെ പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്.

ബൈക്ക് മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്ന മോഷ്ടാവ് പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം .ഷഫീഖ് (27) ആണ് പിടിയിലായത്.

ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരു പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാനിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകനായ ഇരുപത്തൊന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ യൂട്യൂബര്‍മാരായ ദമ്പതികളെ പോലീസ് തെരയുന്നു. പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്. ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

ആസാം– മേഘാലയ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചതോടെ മേഖലയിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിനേ ഉണ്ടാകൂ.

തകര്‍പ്പന്‍ ജയവുമായി ക്രൊയേഷ്യ. ലോകകപ്പിലെ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി ക്രൊയേഷ്യ. ക്രൊയേഷ്യയെ വിറപ്പിച്ച് കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് കാനഡയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നേ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഉയിര്‍ത്തെഴുന്നേറ്റു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് കാനഡയെ നിലംപരിശാക്കി. ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ വിജയം ഗംഭീരമാക്കിയത്.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോക്ക് അട്ടിമറി വിജയം. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊറോക്കോ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായി.

ബ്രസീലിനും പോര്‍ച്ചുഗലിനും ഇന്ന് രണ്ടാം ഘട്ട മത്സരം. രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ യുറുഗ്വായാണ് പോര്‍ച്ചുഗലിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയുമായും ഏറ്റുമുട്ടും.

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഷാജു ശ്രീധറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും.”
ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന സിനിമയിലെ ഡയലോഗ് ആണിത്. സമകാലിക പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകന്‍. ഇഎംഎസിന്റെ കൊച്ചു മകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫിസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘കാക്കിപ്പട’ ക്രിസ്മസ് റിലീസായി എത്തും.

Back to top button
error: