IndiaNEWS

റെയില്‍വേ ട്രാക്കിനുമേലുള്ള നടപ്പാലം തകര്‍ന്ന് ഒരു മരണം; 12 പേര്‍ക്ക് പരുക്ക്

നാഗ്പുര്‍: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കിനു കുറുകെയുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. ചന്ദ്രപുര്‍ ജില്ലയിലെ ബല്ലാര്‍പുര്‍ നഗരത്തിലുള്ള ബല്‍ഹര്‍ഷാ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാഗ്പുരില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്റ്റേഷന്‍. വൈകുന്നേരം 5.10 നായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റിരുന്ന നീലിര രംഗാരി(48) ആണ് മരിച്ചത്.

സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ നാഗ്പുര്‍ ഡിവിഷന്റെ കീഴില്‍ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. പുണെ വഴിയുള്ള ട്രെയിന്‍ പിടിക്കാന്‍ വലിയൊരു ജനക്കൂട്ടം പാലം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്നാണ് ഒരു ഭാഗം തകര്‍ന്നതെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.

Signature-ad

20 അടി താഴ്ചയിലുള്ള റെയില്‍വേ ട്രാക്കിലേക്കാണ് ഇവര്‍ വീണത്. പരുക്കേറ്റവരെ ബല്ലാര്‍പുര്‍ റൂറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ ചിലരെ ചന്ദ്രപുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ ഒരാളാണ് മരിച്ചത്.

 

 

Back to top button
error: