തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ ഫോര്‍ട്ട് എ.സി.പി അടക്കം പോലീസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തി.
സമരക്കാര്‍ ഗൂഢാലോചന നടത്തി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് നശിപ്പിക്കുക, പോലീസുകാരെ വധിക്കുക തുടങ്ങിയ പൊതു ഉദ്ദേശത്തോടെ ആക്രമണം അഴിച്ചു വിട്ടതായും എഫ്.ഐ.ആറില്‍ പറയുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച സമരക്കാര്‍ നടത്തിയ അക്രമത്തില്‍ 36 പോലീസുകാര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എന്നാല്‍, ഇവര്‍ ചികിത്സ തേടാനെത്തിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. സമരക്കാര്‍ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടര്‍ന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരുക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും. പരുക്കേറ്റ പോലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.