IndiaNEWS

ഹണിട്രാപ്: 21 കാരനായ വ്യവസായിയുടെ പക്കല്‍ നിന്നും 80 ലക്ഷം തട്ടിയെടുത്ത യൂട്യൂബര്‍ ദമ്പതിമാര്‍ക്കെതിരെ കേസ്

   വ്യാജ ബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി, 21 കാരനായ വ്യവസായിയെ ഹണിട്രാപില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഡല്‍ഹിയിൽ പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബര്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തതായി ഇന്നലെ പൊലീസ് അറിയിച്ചു.

ജോലിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയിലെ ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീയുമായി ബാദ്ഷാപൂര്‍ സ്വദേശിയും പരാതിക്കാരനുമായ യുവാവ് പരിചയപ്പെടുന്നത്. പിന്നീട്  നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. മനീഷ് ബെനിവാള്‍ എന്ന യുവാവും നാംറ ഖാദിറിനൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് നാംറ ആവശ്യപ്പെട്ടതനുസരിച്ച് ബിസിനസ് ആവശ്യങ്ങള്‍ക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നല്‍കി. എന്നാല്‍, പണം തിരികെ ചോദിച്ചപ്പോള്‍ യുവതി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നു പരാതിക്കാരൻ പറയുന്നു. പിന്നാലെ ഇവര്‍ സുഹൃത്തുക്കളായി. നാംറ ഖാദിർനും മനീഷ് ബെനിവാളിനും   ഒപ്പം നിരവധി രാത്രികള്‍ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികള്‍ തന്റെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തെന്നും യുവാവ് പരാതിയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാള്‍ ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗ പരാതി നല്‍കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

ഓഗസ്റ്റില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഇടക്കാല ജാമ്യത്തിനായി ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നതിനാല്‍ അറസ്റ്റ് നടന്നില്ല. പിന്നീട് ഒക്ടോബര്‍ 10 ന് പൊലീസ് ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവര്‍ വീണ്ടും ഗുരുഗ്രാം കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് ഉണ്ടായത്. സെക്ടര്‍ 50 പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ പിടികൂടാന്‍ റെയ്ഡ് നടത്തുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: