KeralaNEWS

വിഴിഞ്ഞം സംഘര്‍ഷം കൃത്രിമമായി സൃഷ്ടിച്ചത്, ബിഷപ്പിനെ പ്രതിയാക്കിയത് അംഗീകരിക്കില്ല: ലത്തീന്‍ രൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടിക്കെതിരേ ലത്തീന്‍ അതിരൂപത. ആര്‍ച്ച് ബിഷപ്പും സഹായ മെത്രാനും ശനിയാഴ്ച സംഭവ സ്ഥലത്ത് പോലുമുണ്ടായിരുന്ന ആളുകളല്ലെന്ന് അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരസ്ഥലത്ത് പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ തങ്ങളെയും വൈദികരെയും തടയുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. മാത്രമല്ല അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വിഴിഞ്ഞം ഇടവക വികാരിക്ക് പിന്തിരിഞ്ഞ് പോകേണ്ടി വന്നു-ഫാ. യൂജിന്‍ പെരേര പറഞ്ഞു.

പിന്നീട് പൂന്തുറ വികാരി വന്ന സമയത്ത് പോലീസ് ഇടപെട്ടാണ് ഇവരെ അകത്തേക്ക് കടത്തി വിട്ടത്. ഒരുമണിവരെ ഞങ്ങള്‍ക്കെതിരെ വലിയ അധിക്ഷേപമാണ് ഉണ്ടായത്. അപ്പോള്‍ ഇതിനൊക്കെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഞങ്ങള്‍ക്കെതിരെ കേസുചുമത്തി നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

കഴിഞ്ഞ നാലുമാസമായി ഒളിഞ്ഞും തെളിഞ്ഞും പലരീതിയിലും തങ്ങള്‍ക്കെതിരെ നടത്തുന്ന ഇത്തരം നടപടികളോട് ശക്തമായി പ്രതികരിക്കും. മറ്റുള്ള വിഭാഗങ്ങളെ കൂടി തങ്ങള്‍ക്കെതിരേ തിരിച്ചുവിടാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കും- ഫാ. യൂജിന്‍ പെരേര പറഞ്ഞു.

അവിടെയുണ്ടായ സംഘര്‍ഷം കൃത്രിമമായി സൃഷ്ടിച്ചതാണ്. തങ്ങള്‍ ആരും അക്രമത്തിന് പോയതല്ല. സംഘര്‍ഷമുണ്ടായാല്‍ ആസൂത്രിതമായി പ്രകോപനമുണ്ടാക്കിയവരാണ് ഒന്നാം പ്രതിയാകേണ്ടത്. നിലവിലെ കേസുകളെ നിയമത്തിന്റെ വഴിയെ നേരിടും. സംഘര്‍ഷ സ്ഥലത്തില്ലാതിരുന്ന ആര്‍ച്ച് ബിഷപ്പിനെ പ്രതി ചേര്‍ത്തതിനെ അംഗീകരിക്കില്ല. അത് വളരെ തെറ്റായ സമീപനമാണെന്നും യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്ത് ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ ആകെ 10 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ തുറമുഖത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒമ്പത് കേസുകളാണ് ലത്തീന്‍ സഭയുടെ നേതൃത്വത്തിലുള്ള തുറമുഖ വിരുദ്ധ സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കലാപ സമാനമായ സംഘര്‍ഷത്തിന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ക്രിസ്തുരാജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ആര്‍ച്ച് ബിഷപ്പിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസുണ്ട്. വൈദികരടക്കമുള്ളവര്‍ കലാപാഹ്വാനം നടത്തി, ഇതര മതസ്ഥരുടെ വീടുകള്‍ ആക്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നു. മാത്രമല്ല സംഘര്‍ഷത്തിനെ ആളുകളെത്തിയ മുപ്പതു വാഹനങ്ങളുടെ നമ്പരും എഫ്.ഐ.ആറില്‍ പറയുന്നു.

തുറമുഖ സ്ഥലത്തിന് നാശനഷ്ടമുണ്ടാക്കിയ കേസിലും അതിക്രമം നടന്ന കേസിലുമാണ് ബിഷപ്പിനെ പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ ആകെ അന്‍പതു വൈദികര്‍ പ്രതികളായിട്ടുണ്ട്. ഒരു കേസില്‍ വൈദികരടക്കം 95 പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ബിഷപ്പിനെതിരെ മൂന്ന് കേസാണുള്ളത്. കലാപാഹ്വാനം നടത്തി, ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയവയാണ് കേസുകള്‍. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് അതിസുരക്ഷാ മേഖലയില്‍ കടന്നുകയറി നാശനഷ്ടമുണ്ടാക്കിയെന്നതാണ് സമരക്കാര്‍ക്കെതിരായ ഗുരുതരമായ വകുപ്പുകളിലൊന്ന്.

 

Back to top button
error: