IndiaNEWS

വികസന പ്രവർത്തനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ 50 നക്‌സലുകൾ ഒത്തുകൂടി; ഛത്തീസ്ഗഡിൽ സുരക്ഷാ സേന നാല് നക്സലുകളെ വധിച്ചു

ദില്ലി: ഛത്തീസ്ഗഡിൽ സുരക്ഷാ സേന നാല് നക്സലുകളെ വെടിവെച്ചുകൊന്നു. ബിജാപൂരിൽ ഇന്നലെ രാവിലെ നടന്ന ഓപ്പറേഷനിലാണ് നക്സലുകളെ കൊലപ്പെടുത്തിയത്. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ 50 നക്‌സലുകൾ ഒത്തുകൂടിയപ്പോൾ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് ബസ്തർ ഐജി പി സുന്ദർരാജ് പറഞ്ഞു. പ്രദേശത്ത് നക്‌സലുകളുടെ യോഗം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ റിസർവ് ഗാർഡ്‌സ് എന്നിവയുടെ സംഘങ്ങൾ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. രാവിലെ ഏഴരയെടെ മിർതൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പോംറ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സേനയുടെ സംയുക്ത സംഘങ്ങൾ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

കൊല്ലപ്പെട്ട നാലുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. നാലുപേരുടെയും മൃതദേഹങ്ങളും വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. നക്‌സലുകൾ ആരൊക്കെയാണ് എന്നത് സംബന്ധിച്ച് തിരിച്ചറിയാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ സുരക്ഷാസേന മൂന്ന് നക്‌സലുകളെ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി 57 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട നക്സൽ ഡിവിഷണൽ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നക്സലുകളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോലീസ് തിരയുന്നവരാണ് കൊല്ലപ്പെട്ടത് എന്നാണ് സേന പറഞ്ഞത്. ഇതാദ്യമായാണ് ഒരു ഡിവിഷണൽ കമ്മിറ്റി തല അംഗവും നക്‌സലുകളുടെ കമാൻഡർ ഇൻ ചീഫും മധ്യപ്രദേശിൽ വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ബാലാഘട്ട് ജില്ലയിലെ ബഹേല പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Signature-ad

കൊല്ലപ്പെട്ട മാവോയിസ്റ്റ് ഡിവിഷണൽ കമ്മിറ്റി അംഗം, നാഗേഷ് എന്ന രാജു തുളവി (40) മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 29 ലക്ഷം രൂപതലയ്ക്ക് പ്രഖ്യാപിക്കപ്പെട്ടയളാണ്. മഹാരാഷ്ട്ര ഗഡ്‌ചിരോളി ജില്ലയിലെ ബതേജാരിയിൽ സ്വദേശിയാണ് ഇവരെന്ന് തിങ്കളാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഇൻസ്പെക്ടർ ജനറൽ (ആന്റി നക്സൽ ഓപ്പറേഷൻസ്) സാജിദ് ഫരീദ് ഷാപൂ പറഞ്ഞു. കൊല്ലപ്പെട്ട വനിതാ കേഡറായ മനോജ് (25), രമ (23) എന്നിവർ ഛത്തീസ്ഗഢ് സ്വദേശികളാണെന്ന് ഷാപൂ പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 14 ലക്ഷം രൂപ വീതം തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ടവരാണ് ഇവർ. ഒരു സൂചനയെത്തുടർന്ന്, മധ്യപ്രദേശ് പോലീസിന്റെ ഹോക്ക് ഫോഴ്‌സിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബഹേല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരാഡി കുന്നുകളിൽ എത്തുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട നക്സലുകൾ കനത്ത വെടിവയ്പ്പ് നടത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ട പോലീസിന്റെ മുന്നറിയിപ്പ് അവർ ശ്രദ്ധിച്ചില്ല. വെടിവയ്പ്പ് 45 മിനിറ്റോളം നീണ്ടുനിന്നു.

Back to top button
error: