മാന്നാർ: ഹാഷിഷ് ഓയിലുമായി ഒരാളെ മാന്നാർ പൊലിസ് പിടികൂടി. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കെതിൽ സുരേഷ് (42) ആണ് പിടിയിലായത്. മൂന്നു ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ പക്കൽ നിന്ന് പൊലിസ് പിടിച്ചെടുത്തു. മുട്ടേൽ പാലത്തിനു സമീപം വെച്ചാണ് സുരേഷിനെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന്, അബ്കാരി വകുപ്പുകളിലായി മുപ്പത്തി എട്ടോളം കേസുകളിലെ പ്രതിയാണ് സുരേഷ്.
മാന്നാർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുമാണ് സുരേഷ് എന്ന് പോലിസ് പറഞ്ഞു. മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം, മാന്നാർ എസ് ഐ. അഭിരാം. സി.എസ്, സിവിൽ പൊലിസ് ഓഫീസർ സിദ്ധിക്ക് ഉൾ അക്ബർ, എസ് ഐ ശ്രീകുമാർ, സീനിയർ സിവിൽ പോലിസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, ഹരിപ്പാട് മയക്കുമരുന്ന് വിൽപ്പന വിദേശ പൗരൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ നൈജീരിയൻ സ്വദേശിയെയും രണ്ട് തമിഴ്നാട് സ്വദേശികളെയുമാണ് ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയായ ജോൺ കിലാച്ചി ഓഫറ്റോ, തിരുപ്പൂർ സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്,46 കാമരാജ് നഗർ വടിവേൽ (43), തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്.
2011 നവംബർ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് എംഡി എം എ വിൽപ്പന നടത്തുന്നതിനിടയിൽ ഏഴ് യുവാക്കൾ പൊലീസ് പിടിയിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വാട്സ്ആപ്പ്, ഗൂഗിൾ പെയ്മെന്റ് തുടങ്ങിയവയിലൂടെ നടത്തിയ സന്ദേശങ്ങളുടെയും ഇടപാടുകളുടെയും അന്വേഷണത്തിന് ഒടുവിലാണ് കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികൾ പിടിയിലായത്.