കണ്ണൂർ: തലശേരി ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് നേരത്തേയുണ്ടായ തർക്കമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ. കൊലപാതകത്തിൽ പങ്കെടുത്തത് അഞ്ച് പേരാണ്. രണ്ട് പേർ സഹായം ചെയ്തു. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതക കാരണമെന്ന് പരിശോധിക്കുന്നുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. കൊലപാതകത്തിൽ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ അഞ്ച് പേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. മുഖ്യപ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരിമാഫിയെ അസ്വസ്ഥതപ്പെടുത്തുന്നു. കർശന നടപടിയുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യും. മരിച്ചവരുടെ കുടുംബാംഗങ്ങളെ നിസഹായവസ്ഥയില്‍ എത്തിച്ചുകൂടാ. അവർക്ക് കൈ താങ്ങാകാൻ സമൂഹത്തിനാകെ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.