മലപ്പുറം: ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടെങ്കിൽ അത് കോൺഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോൺഗ്രസ് ഐക്യതോടുകൂടി മുന്നോട്ട് പോകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. ശശി തരൂരുമായുള്ള നാളത്തെ കൂടികാഴ്ചയിൽ സ്വാഭാവികമായും രാഷ്ട്രീയ വിഷയം ചർച്ചയാകും. അജണ്ട വെച്ചുള്ള ചർച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സുധാകരന്റെ ആർഎസ്എസ് അനുകൂല വിവാദം പരാമർശം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പ്രതികരിച്ചു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്‍റ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന്‍റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശശി തരൂരിന്‍റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ ഇന്നും തുടരുകയാണ് .അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്‍റെ വീട്ടിൽ രാവിലെ എത്തിയ തരൂർ മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്‍റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.