IndiaNEWS

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; കോൺഗ്രസ് നാളെ പുനഃപരിശോധന ഹർജി നൽകും

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ കോൺഗ്രസ് പുനഃപരിശോധന ഹർജി നൽകും. മറ്റന്നാൾ സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാരും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു. മോചിപ്പിക്കാനുള്ള ഉത്തരവ് വിശദമായി വാദം കേൾക്കാതെയാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകിയത്. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബർ 11 നാണ് സുപ്രീംകോടതി മോചിപ്പിക്കാൻ നിർദേശിച്ചത്.

മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.

1991 മെയ് 21 – ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 – ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 – ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.

Back to top button
error: