ദോഹ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോൾ ടീമംഗങ്ങൾ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാൻ താരം അലിറെസ് ജഹൻബക്ഷെ വ്യക്തമാക്കിയിരുന്നു. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിത്. അതിന്റെ തുടർച്ചയെന്നോണമാണ് 11 ഇറാൻ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്.
പോലീസ് കസ്റ്റഡിയിൽ മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനിൽ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്ന ചൂണ്ടികാട്ടിയാണ് അനീമിയെ അറസ്റ്റ് ചെയ്തത്.
നേരത്തേ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.