KeralaNEWS

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, കളമശേരിയിലെ ‘ജോസ് കൺസൽറ്റൻസി’ ജനറൽ മാനേജർ ജീന തോമസ് അകത്തായി

തൊഴിൽ വാഗ്ദാനങ്ങളിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുന്നവരുടെ കഥകൾ പത്രത്താളുകൾക്ക് പുത്തരിയല്ല. പക്ഷേ ഇതൊന്നും സമൂഹത്തിനു പാഠമാകുന്നില്ല. നിരന്തരം അസംഖ്യം കേസുകളാണ് ഉയർന്നു വരുന്നത്. റെയിൽവേയിലും ദേവസ്വം ബോർഡിലും വിദേശ രാജ്യങ്ങളിലുമൊക്കെ അടുത്തിടെ നടന്ന തൊഴിൽ തട്ടിപ്പുകളിൽ ലക്ഷങ്ങളാണ് നിരവധി പേർക്ക് നഷ്ടപ്പെട്ടത്. ഇതാ വീണ്ടും മറ്റൊരു തൊഴിൽ തട്ടിപ്പുകേസു കൂടി. പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കൺസൽറ്റൻസി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസ്(45) അറസ്റ്റിലായി. പരാതിയുമായി പൊലീസിനെ സമീപിച്ചത് തിരുവല്ല തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫാണ്. കളമശേരിയിൽ കുസാറ്റ് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ‘ജോസ് കൺസൽറ്റൻസി’ എന്ന സ്ഥാപനത്തിലെ ജനറൽ മാനേജരാണ് അറസ്റ്റിലായ ജീന തോമസ്.

വിദേശ റിക്രൂട്ട്മെൻ്റിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തിൽ പൊലീസിനു ബോധ്യപ്പെട്ടു. തട്ടിപ്പിൽ പങ്കാളികളായ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിൻ എന്നിവർ ഒളിവിലാണെന്നു പൊലീസ് പറയുന്നു. ഡേവിഡ് ജോസഫിൽനിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കൽനിന്നു ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണു പരാതി.

പണം കൈപ്പറ്റിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോ എന്നും സ്ഥാപനം ആരാഞ്ഞു. ഡേവിഡ് ജോസഫ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങൾ ഒഴിഞ്ഞുമാറി. സഹോദരങ്ങളുടെ പാസ്പോർട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ല. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു നൽകിയതു ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോൾ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതു ബാങ്കിൽ നിന്നു പാസ്സായില്ല. ഒടുവിലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ ജീന തോമസിനെ കോടതി റിമാൻഡ് ചെയ്തു.

Back to top button
error: