SportsTRENDING

ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഭരണാധികാരിയും കിരീടാവകാശിയും

ദുബൈ: ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും. ഖത്തറിലെത്തിയ ഇരുവരെയും ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും എത്തിയിരുന്നു.

ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.

അറബ് മേഖലയിലെ പ്രത്യേക നൃത്തങ്ങളും കനേഡിയന്‍ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ മാറ്റ് കൂട്ടി. ആകാശത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സമാപിച്ചത്.

Back to top button
error: