പത്തനംതിട്ട: കെ എസ് ആർ ടി സിയുടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 48 ലക്ഷം രൂപ വരുമാനം.മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച് നാലു നാൾ കൊണ്ടാണ് കെഎസ്ആർടിസി ഈ വരുമാനം നേടിയത്.
കണ്ടക്ടർ ഇല്ലാത്ത ബസുകളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. കൗണ്ടറില്‍ നിന്നുമാണ് ടിക്കറ്റെടുക്കേണ്ടത്. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടിയ താൽക്കാലിക ഷെഡിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് പത്തോളം കൗണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 163 ലോ ഫ്ലോർ ബസുകളാണ് നിലയ്ക്കൽ- പമ്പ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റും ഒരുമിച്ചെടുക്കാന്‍ സാധിക്കും.
അതേസമയം സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത് പോലെ സർവ്വീസിന് അമിതമായ നിരക്ക് ഈടാക്കുന്നില്ല. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്കെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.