KeralaNEWS

സ്‌കൂട്ടർ യാത്രക്കാരി കാവ്യയുടെ മരണം, അശ്രദ്ധമായി ബൈക്കോടിച്ച കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു പൊലീസ് കസ്റ്റഡിയിൽ; മുമ്പും വിഷ്ണുവിൻ്റെ ബൈക്കിടിച്ച് മരണം

തൃപ്പൂണിത്തുറയിൽ പിറവം സ്വദേശി കാവ്യ ധനേഷ് എന്ന യുവതിയുടെ  മരണത്തിനിടയാക്കിയ വാഹനയാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ വാഹനം നിർത്താതെ കടന്നു കളയുകയായിരുന്നു.

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കാവ്യയുടെ പിറകിലായി ബൈക്കിൽ വന്ന വിഷ്ണു ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു. തൊട്ട് പിന്നാലെ വന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു.

ലോക്ക്ഡൗൺ സമയത്ത് 2020 ജൂൺ 12ന് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.

കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവാണ് മരിച്ച കാവ്യ ധനേഷ്.

Back to top button
error: