കൽപ്പറ്റ: ഭർത്താവും മകനും അടക്കമുള്ളവർ നോക്കി നിൽക്കെ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസിൽ കീഴടങ്ങി. പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദയുടെ (48) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പുലിക്കാട് ടി കെ ഹമീദ് ഹാജി (57) യാണ് കീഴടങ്ങിയത്.
ജൂലൈ മൂന്നിന് ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മ സെപ്തംബർ രണ്ടിനായിരുന്നു ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഹമീദ് ഹാജിക്കെതിരെ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി മുൻകൂർജാമ്യമെന്ന ആവശ്യം നിരസിച്ചതോടെയാണ് ഇയാൾ ബുധനാഴ്ച പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയാണ് ഹമീദ് ഹാജി.
ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകൻ ജാബിർ ആണ് കേസിലെ രണ്ടാം പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് മുഫീദയെ ഭീഷണിപ്പെടുത്തിയ വീഡിയോ ദൃശ്യം അടക്കമുള്ള തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ജാബിറിന്റെ അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. മുഫീദ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമ്പോൾ ജാബിർ സാക്ഷിയായിരുന്നു. ആത്മാഹൂതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ശ്രമവും നടത്താതെ ഉമ്മയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മുഫീദയുടെ മകൻ പരാതിപ്പെട്ടിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഹമീദ് ഹാജിയുടെ അനുജൻ നാസർ വിദേശത്താണ്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.